ഇസ്ലാമാബാദ് : പാകിസ്താനിൽ പൊതുജനങ്ങൾക്ക് നേരെ ഭീകരാക്രമണം. പൊതുനിരത്തിലൂടെ സഞ്ചരിക്കുകയായിരുന്ന യാത്രക്കാർക്ക് നേരെ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ 38 പേർ കൊല്ലപ്പെടുകയും 29 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് ഭീകരാക്രമണം നടന്നത്. കുറം ഗോത്രവർഗ ജില്ലയിൽ നടന്ന ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസവും ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ഭീകരാക്രമണം നടന്നിരുന്നു.
ഖൈബർ പഖ്തൂൺഖ്വ മേഖലയിലെ ചെക്ക്പോസ്റ്റിൽ സൈനികരെ ലക്ഷ്യം വെച്ചായിരുന്നു കഴിഞ്ഞദിവസം ആക്രമണം നടന്നിരുന്നത്. ഈ ആക്രമണത്തിൽ 12 സൈനികർ കൊല്ലപ്പെട്ടിരുന്നു. ഷിയകളും സുന്നി മുസ്ലീങ്ങളും തമ്മിൽ പതിറ്റാണ്ടുകളായി സംഘർഷം നിലനിൽക്കുന്ന മേഖലയാണ് ഖൈബർ പഖ്തൂൺഖ്വ. കഴിഞ്ഞ ഏതാനും നാളുകളായി ഇവിടെ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്.