യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു സമീപം വെടിവെപ്പ്, രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്; ഭീകരാക്രമണം?

വൈറ്റ് ഹൗസിനു സമീപം വെടിവെപ്പ്, രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്; ഭീകരാക്രമണമെന്ന് റിപ്പോർട്ട്

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവെപ്പിൽ രണ്ട് സൈനികര്‍ക്ക് ഗുരുതര പരിക്ക്. നാഷനല്‍ ഗാര്‍ഡ്‌സ് അംഗങ്ങളാണ് പരിക്കേറ്റ സൈനികര്‍. ഇരുവരും ആശുപത്രിയിലാണെന്നും അവരുടെ നില ഗുരുതരമായി തുടരുകയാണെന്നും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ മേധാവി കാഷ് പട്ടേലും വാഷിംഗ്ടണ്‍ മേയര്‍ മ്യൂരിയല്‍ ബൗസറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അക്രമിയെന്നു സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. പരസ്പരം വെടിവെപ്പ് നടന്നതിന് ശേഷം മറ്റ് നാഷണല്‍ ഗാര്‍ഡ് സൈനികര്‍ അക്രമിയെ കീഴ്‌പ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. പ്രതിയുടെയും ഇരകളുടെയും വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 2021-ല്‍ അമേരിക്കയില്‍ എത്തിയ 29-കാരനായ അഫ്ഗാന്‍ പൗരനാണ് അക്രമിയെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇയാള്‍ ഒറ്റയ്ക്കാണ് അക്രമം നടത്തിയതെന്നണ്‌ വിലയിരുത്തല്‍. വെറ്റ് ഹൗസില്‍നിന്ന് ഏറെ അകലെയല്ലാതെയുള്ള മെട്രോ സ്റ്റോപ്പിന് സമീപത്ത് വച്ചാണ് വെടിവയ്പുണ്ടായത്. 10 മുതല്‍ 15 തവണയാണ് അക്രമി വെടിയുതിര്‍ത്തത്. രണ്ട് സൈനികര്‍ക്കും തലയ്ക്കാണ് വെടിയേറ്റിട്ടുള്ളത്.

പരിക്കേറ്റ സൈനികരില്‍ ഒരാള്‍ വനിതയാണ്. വെസ്റ്റ് വെര്‍ജീനിയ സ്വദേശികളാണ് ഇരുവരും. വെടിവെപ്പ് നടക്കുമ്പോൾ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസില്‍ ഉണ്ടായിരുന്നില്ല. താങ്ക്‌സ്ഗിവിംഗിന് മുന്നോടിയായി അദ്ദേഹം ഫ്‌ളോറിഡയിലായിരുന്നു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് കെന്റക്കിയിലുമാണ്. വെടിവെപ്പ് ഒരു ഭീകരാക്രമണമായി അന്വേഷിക്കുകയാണെന്ന് നീതിന്യായ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News