രാജ്കോട്ട്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തിറക്കി. 160 മണ്ഡലങ്ങളിലേക്കാണ് സ്ഥനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഡിസംബര്‍ ഒന്നിന് വോട്ടെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളില്‍ 84 എണ്ണത്തിലേയും ഡിസംബര്‍ അഞ്ചിന് വോട്ടെടുപ്പ് നടക്കുന്ന 93 മണ്ഡലങ്ങളില്‍ 76 ഇടത്തേയും പേരുകളാണ് പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രിമാരായ മന്‍സുഖ് മാണ്ഡവ്യ, ഭൂപേന്ദ്ര യാദവ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പാട്ടീല്‍ എന്നിവരാണ് സ്ഥാനാര്‍ഥി പട്ടിക ഡല്‍ഹിയില്‍ പുറത്തിറക്കിയത്.
തൂക്കുപാലം തകര്‍ന്ന് 132 പേര്‍ കൊല്ലപ്പെട്ട മോര്‍ബിയിലെ സിറ്റിങ് എംഎല്‍എ ബ്രിജേഷ് മെര്‍ജയ്ക്ക് ബിജെപി സീറ്റ് നിഷേധിച്ചു. മുന്‍ എംഎല്‍എ കാന്തിലാല്‍ അമൃതിയയ്ക്കാണ് ഇവിടെ ടിക്കറ്റ് നല്‍കിയത്. ലൈഫ് ജാക്കറ്റും ധരിച്ച് നദിയില്‍ ചാടി രക്ഷാപ്രവര്‍ത്തനം നടത്തിയ കാന്തിലാലിന്റെ വീഡിയോ നേരത്തെ വൈറലായിരുന്നു. അപകടമുണ്ടായപ്പോള്‍ മുങ്ങിത്താഴ്ചന്നവരെ രക്ഷപ്പെടുത്താന്‍ നദിയിലേക്ക് എടുത്തുചാടിയത് സ്ഥാനാര്‍ഥിത്വത്തിന് കാരണമായി ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഘഡ്‌ലോഡിയയില്‍നിന്ന് മത്സരിക്കും. ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സാംപി മജൂരിയില്‍ സ്ഥാനാര്‍ഥിയാകും. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവഭ ജഡേജ ജാംനഗര്‍ നോര്‍ത്തില്‍നിന്ന് മത്സരിക്കും. ബിജെപിയിലേക്ക് ചേക്കേറിയ കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദിക്ക് പട്ടേല്‍ വീരാംഗ്രാമില്‍ മത്സരിക്കും. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ഏഴുപേര്‍ക്ക് കൂടി ബിജെപി ടിക്കറ്റ് നല്‍കിയിട്ടുണ്ട്. 14 വനിതാ സ്ഥാനാര്‍ഥികളാണ് ബിജെപി പട്ടികയിലുള്ളത്. 13 പേര്‍ പട്ടികജാതിക്കാരാണ്. 24 പേര്‍ പട്ടികവർഗ വിഭാഗക്കാരും. 69 സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റ് ലഭിച്ചിട്ടുണ്ട്.
ബ്രിജേഷ് മെര്‍ജയ്ക്ക് പുറമേ സിറ്റിങ് എംഎല്‍എമാരായ 37 പേര്‍ക്കും പാര്‍ട്ടി സീറ്റ് നിഷേധിച്ചു. മുന്‍മുഖ്യമന്ത്രി വിജയ് രൂപാണി, മുന്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, മുന്‍മന്ത്രിമാരായ ഭൂപേന്ദ്രസിങ് ചുദാസമ, പ്രദീപ്‌സിങ് ജഡേജ എന്നിവരെ ഇക്കുറി മാറ്റിയിട്ടുണ്ട്. മത്സരത്തില്‍നിന്ന് സ്വയം ഒഴിയുന്നതായി കഴിഞ്ഞ ദിവസം ഇവരെല്ലാം പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.