ന്യൂഡൽഹി: പശ്ചിമാഫ്രിക്കയിലെ ഗിനിയിൽ തടവിലായ മലയാളികൾ ഉൾപ്പെടെയുള്ള നാവികരുടെ മോചനം വൈകുന്നു. കപ്പലും നാവികരും സൈന്യത്തിനൊപ്പം പോകണമെന്ന് ഗിനി വീണ്ടും ആവശ്യപ്പെട്ടു. അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള സൈനികരുടെ പുതിയ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. തങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സർക്കാരിനോട് അഭ്യർഥിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
‘കപ്പലിലുള്ള എല്ലാവരും മാനസികമായും ശാരീരികമായും തകർന്നിരിക്കുകയാണ്. ദയവ് ചെയ്ത് ഞങ്ങളുടെ പ്രശ്നത്തിൽ കാര്യമായി ഇടപെടണം. 20 നോട്ടിക്കൽ മൈൽ അകലെ നൈജീരിയൻ നേവിയുടെ കപ്പൽ കാത്തിരിക്കുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. എത്രയും പെട്ടെന്ന് ഞങ്ങളുടെ മോചനത്തിന് വേണ്ടി സർക്കാർ ഇടപെടണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു’
‘കഴിഞ്ഞ മൂന്ന് മാസമായി ഞങ്ങളിവിടെ തടവിലാണ്. ഞങ്ങളെ നൈജീരിയയിലേക്ക് കൊണ്ടു പോകാൻ സമ്മതിക്കരുത്. എങ്ങനെയെങ്കിലും രക്ഷിക്കണം’ പുറത്തുവന്ന വീഡിയോയിൽ കപ്പലിലുള്ളവർ പറയുന്നു.
അതേസമയം കപ്പലിലുള്ളവരെ മോചിപ്പിക്കാൻ ശ്രമംതുടരുന്നു. ഞായറാഴ്ച ഇവരെ അറസ്റ്റ് ചെയ്യുമെന്ന് നൈജീരിയയിൽനിന്ന് അറിയിപ്പുണ്ടായെങ്കിലും അറസ്റ്റുണ്ടായില്ല. ആഴ്ചകളായി നിർത്തിയിട്ടിരുന്ന കപ്പൽ തകരാറിലായതിനെ തുടർന്നാണിതെന്നാണ് സൂചന. എല്ലാവരും സുരക്ഷിതരാണെന്ന് മലയാളിയായ വിജിത്ത് വി.നായർ പറഞ്ഞു.സ്ത്രീധനപീഡനത്തെത്തുടർന്ന് കൊല്ലം പോരുവഴിയിലെ ഭർത്തൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ വിജിത്തടക്കം 16 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. ക്യാപ്റ്റൻ ഇന്ത്യക്കാരനായ ധനുഷ് മേത്തയാണ്. ചീഫ് ഓഫീസർ മലയാളിയായ സനു ജോസാണ്. നാവിഗേറ്റിങ് ഓഫീസറാണ് വിജിത്ത്. കൊച്ചി സ്വദേശിയായ മിൽട്ടനും കപ്പലിലുണ്ട്.
ദക്ഷിണാഫ്രിക്കയിൽനിന്ന് നൈജീരിയയിലേക്ക് ക്രൂഡ് ഓയിൽ കൊണ്ടുവരാനാണ് ഹെറോയിക് ഐഡൻ എന്ന കപ്പലിൽ ഇവർ എത്തിയത്. ഇതിനിടെ അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ചതിന് അറസ്റ്റ് ചെയ്തതായി അറിയിപ്പുണ്ടായി. പിഴയായി ആവശ്യപ്പെട്ട രണ്ട് മില്യൺ യു.എസ്.ഡോളർ അടച്ചിട്ടും വിട്ടയച്ചിരുന്നില്ല. മന്ത്രിമാരായ ജെ.ചിഞ്ചുറാണി, ജി.ആർ.അനിൽ, എം.ബി.രാജേഷ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേൽ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി തുടങ്ങിയവർ വിജിത്തിന്റെ അച്ഛൻ ത്രിവിക്രമൻ നായരോട് വിവരങ്ങൾ തേടിയിട്ടുണ്ട്. അടിയന്തരനടപടിക്കായി എൻ.കെ.പ്രേമചന്ദ്രൻ എം.പി. വിദേശകാര്യമന്ത്രിക്ക് ഇ-മെയിൽ അയച്ചു. കപ്പലിലുള്ളവരെ നാട്ടിലെത്തിക്കാൻ ശ്രമം തുടരുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ അറിയിച്ചിട്ടുണ്ട്.