കൊല്ലം: നെടുങ്ങോലം താലൂക്ക് ആശുപത്രിയിലെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ കയ്യാകയ്യാങ്കളി. തിക്കും തിരക്കുമായതോടെ പോലീസ് ഇടപെട്ട് തര്‍ക്കം നിയന്ത്രിച്ചു. പോലീസ് ഇപെട്ട് തര്‍ക്കം പരിഹരിച്ചെങ്കിലും ഇത്രയും പേര്‍ക്കുള്ള വാക്‌സിന്‍ ആശുപത്രിയില്‍ ഇല്ലായിരുന്നു.
നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടിയാണ് ഇന്ന് വാക്സിന്‍വിതരണം ക്രമീകരിച്ചത്. രാവിലെ 8 മുതല്‍ തൊഴിലാളികള്‍ എത്തി തുടങ്ങിയിരുന്നു. വിവിധ പ്രദേശങ്ങളില്‍ നിന്നായി ഏകദേശം രണ്ടായിരത്തോളം തൊഴിലാളികള്‍ എത്തിയതോടെ ആശുപത്രി പരിസരത്ത് തിരക്കായി. റോഡിലേക്ക് നീണ്ട നിരയും ആള്‍ക്കൂട്ടവുമായി. ഇതിനിടെയാണ് തൊഴിലാളികള്‍ തമ്മിലുളള തര്‍ക്കം കയ്യാങ്കളിയിലെത്തിയത്.
400 പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ ഉള്ളതെന്ന് പരവൂര്‍ ലേബര്‍ ഓഫീസറെ ആശുപത്രിയില്‍ നിന്നറിയിച്ചു. തുടര്‍ന്ന് കലകോട് പിഎച്ച്‌സിയിലും വാക്‌സിനേഷന്‍ ക്രമീകരിച്ചാണ് പ്രശ്‌നം പരിഹരിച്ചത്. നെടുങ്ങോലത്തു നിന്ന് തൊഴിലാളികളെ വാഹനങ്ങളില്‍ കലയ്‌കോട് ആശുപത്രിയിലേക്ക് എത്തിച്ചു.
അതേസമയം വാക്സിന്‍ വിതരണം വേഗത്തിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സെപ്റ്റംബര്‍ പത്തിനകം 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഒന്നാം ഡോസ് വാക്സിന്‍ ഉറപ്പാക്കാനാണ് ശ്രമം. ഇതിനായി കേന്ദ്രത്തോട് കൂടുതല്‍ വാക്സിന്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളം ആവശ്യപ്പെട്ടിരിക്കുന്നത് ഒരു കോടി പതിനൊന്ന് ലക്ഷം ഡോസ് വാക്സിനാണ്. ഇത് നല്‍കാമെന്ന് കേന്ദ്രം ഏറ്റിട്ടുണ്ട്. സെപ്റ്റംബര്‍ 30നകം വാക്സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്സിന്‍ ലഭിക്കുന്നതോടെ വിതരണം വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു.