യൂത്ത് കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ജിഎസ്ടി എൻഫോഴ്സ്മെന്റ് പരിശോധന;ഫയൽ പിടിച്ചുവാങ്ങി പുറത്തേക്കോടി അനിയൻ

കൊല്ലം: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് പി.എസ്. അനൂതാജിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ജിഎസ്ടി എൻഫോഴ്സ്മെന്റ് പരിശോധന നടത്തി. ശൂരനാട് വടക്ക് തെക്കേമുറി ഹൈസ്കൂൾ ജങ്ഷനിലെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തിയത്. ചൊവ്വാഴ്ച രാവിലെ ഒൻപതിന് തുടങ്ങിയ പരിശോധന രാത്രി 8.45-വരെ നീണ്ടു. ഇതിനിടെ പരിശോധന തടസ്സപ്പെടുത്താൻ ശ്രമിച്ചതായും പരാതിയുണ്ട്. ഇതുസംബന്ധിച്ച് ജിഎസ്ടി എൻഫോഴ്സ്മെൻറ് ശൂരനാട് പോലീസിൽ പരാതി നൽകി.

വീട്ടിൽ പരിശോധന നടത്തുന്നതിനിടെയാണ് തർക്കം നടന്നത്. വീട്ടിൽനിന്നു പിടിച്ചെടുത്ത ആറു രജിസ്റ്ററിന്മേൽ റിപ്പോർട്ട് തയ്യാറാക്കി. ഇതിൽ ഒപ്പിടാൻ പറഞ്ഞപ്പോൾ സഹോദരൻ ജ്യേഷ്ഠനെ വിളിക്കാനായി പുറത്തുപോയി. തുടർന്ന്‌ 30-ഓളം പേർ വീട്ടിലേക്ക് അതിക്രമിച്ചുകയറി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. ഇതിനിടെ അനുജൻ ഉദ്യോഗസ്ഥരുടെ കൈയിൽനിന്ന് ഫയലുകൾ പിടിച്ചുവാങ്ങി പുറത്തേക്ക് ഓടി. പിറകെ ഓടിയ ഉദ്യോഗസ്ഥരെ വീട്ടിലുണ്ടായിരുന്ന സംഘം തടഞ്ഞു. വീട്ടിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഒട്ടേറെ ഫയലുകൾ പിടിച്ചെടുത്തു.

ജോലി തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനും ശൂരനാട് പോലീസ് കേസെടുത്തു. ജിഎസ്ടി ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അനുതാജിന്റെ ചാരുംമൂട്ടിലെ ഓഫീസിലും പരിശോധന നടത്തി. ആറുസംഘങ്ങൾ പരിശോധനയിൽ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News