ചെന്നൈ: നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് ജി എസ് ടി ഡയറക്ടറേറ്റിന്റെ നോട്ടീസ്. സംഗീതം നല്‍കിയതിന് ലഭിച്ച പ്രതിഫലത്തിന് നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. 2013 – 2015 കാലയളവില്‍ സിനിമകളില്‍ സംഗീതമൊരുക്കിയതിന്റെ പേരില്‍ നിര്‍മാതാക്കളില്‍ നിന്നു കൈപ്പറ്റിയ പ്രതിഫലത്തിന്റെ നികുതിയായ 1.87 കോടി രൂപയാണ് ഇളയരാജ സേവന നികുതിയായി അടയ്ക്കാന്‍ ഉള്ളത്.
ഇത് സംബന്ധിച്ച് മൂന്ന് തവണ നോട്ടീസ് നല്‍കിയിട്ടും ഇളയരാജ ജി എസ് ടി ഡയറക്ടറേറ്റിന് മറുപടി നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ഇത്തവണ ജി എസ് ടി ചെന്നൈ സോണ്‍ 78 കാരനായ ഇളയരാജയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭരണഘടന ശില്‍പി ബി ആര്‍ അംബേദ്കറെയും താരതമ്യം ചെയ്ത് ഇളയരാജ ഒരു പുസ്തകത്തില്‍ എഴുതിയ ആമുഖം വിവാദമായിരുന്നു.
നരേന്ദ്ര മോദിയെ പുകഴ്ത്തിയത് നടപടികളില്‍ നിന്ന് രക്ഷപ്പെടാനാണെന്നായിരുന്നു ഉയര്‍ന്ന ആക്ഷേപം. ഫെബ്രുവരി 28-നായിരുന്നു ഇളരാജയ്ക്ക് ആദ്യമായി സമന്‍സ് ലഭിച്ചത്. മാര്‍ച്ച് 10-ന് നേരിട്ട് ഹാജരാകാനും നികുതി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനുമായിരുന്നു സമന്‍സിലെ നിര്‍ദേശം. എന്നാല്‍, ഇളയരാജ ഹാജരായില്ല.
ഇതോടെ മാര്‍ച്ച് 21-ന് വീണ്ടും സമന്‍സ് നല്‍കി. മാര്‍ച്ച് 28-ന് ഹാജരാകാനായിരുന്നു നിര്‍ദേശമെങ്കിലും ഇളയരാജ ഹാജരായില്ല. ഇതിന് ശേഷമാണ് പുസ്തകത്തിലെ മോദി സ്തുതി. ഇതിന് പിന്നാലെ മോദി അദ്ദേഹത്തെ ഫോണില്‍ വിളിച്ച് നന്ദി അറിയിച്ചിരുന്നു. അംബേദ്കറുമായി തന്നെ താരതമ്യം ചെയ്തത് വലിയ അംഗീകാരമായി കരുതുന്നുവെന്നാണ് ഇളയരാജയോട് മോദി പറഞ്ഞത്.