മഹോബ: വിവാഹദിവസം വരന്റെ വിദ്യാഭ്യാസ യോഗ്യതയില്‍ സംശയം തോന്നിയ പ്രതിശ്രുത വധു ലളിതമായ ഒരു ചോദ്യം മുന്നോട്ടു വച്ചു. രണ്ടിന്റെ ഗുണനപ്പട്ടിക ചൊല്ലാനായിരുന്നു വധുവിന്റെ ആവശ്യം. എന്നാല്‍ വരന് ഗുണനപ്പട്ടിക അറിയാത്തതിനാല്‍ പെണ്‍കുട്ടി മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപോകുകയായിരുന്നു.
ഗണിതത്തിന്റെ ബാലപാഠങ്ങള്‍ പോലും അറിയാത്ത ഒരാളെ തനിക്ക് ജീവിതപങ്കാളിയായി വേണ്ടെന്ന് പറഞ്ഞായിരുന്നു പെണ്‍കുട്ടി വിവാഹം വേണ്ടെന്ന് വെച്ച് മണ്ഡപത്തില്‍ നിന്ന് ഇറങ്ങി പോയത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ഉറച്ച തീരുമാനത്തിലായിരുന്നു.
വരന്റെ കുടുംബം അയാളുടെ വിദ്യാഭ്യാസ യോഗ്യത മറച്ചുവെച്ച് പെണ്‍കുട്ടിയുടെ കുടുംബത്തെ പറ്റിച്ചുവെന്നും വധുവിന്റെ ബന്ധുവായ പെണ്‍കുട്ടി പറഞ്ഞു. അതേസമയം, ഇരു കുടുംബങ്ങളും പരസ്പരം നല്‍കിയ ആഭരണങ്ങളും സമ്മാനങ്ങളും തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ വിഷയം ഒത്തുതീര്‍പ്പാക്കിയതിനാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ല.