KeralaNews

സംസ്ഥാനത്ത് സ്കൂളുകള്‍ക്ക് ഗ്രേഡിംഗ് ;പ്രൈമറി ക്ലാസുകളിലെ എഴുത്തുപരീക്ഷ അവസാനിയ്ക്കുന്നു

തിരുവനന്തപുരം:സംസ്ഥാനത്ത് സ്കൂളുകൾക്ക് ഗ്രേഡിംഗ് കൊണ്ടുവരുന്നത് ഗൗരവമായി ആലോചിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. നേരത്തെ അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് മാറ്റിവെച്ച ഗ്രേഡിംഗാണ് വീണ്ടും നടപ്പാക്കാനുള്ള സർക്കാർ നീക്കം. പ്രൈമറി ക്ലാസുകളിലെ എഴുത്തുപരീക്ഷ മാറ്റുന്നതും പരിഗണിക്കുമെന്ന് അദ്ദേഹം  പറഞ്ഞു.

കോളേജുകളിലെ നാക് അക്രഡിറ്റേഷൻ മാതൃകയിൽ സ്കൂളുകൾക്ക് ഗ്രേഡിംഗ് നേരത്തെ ആലോചിച്ചതാണ്. എസ് സിഇആർടിക്ക് ചുമതല നൽകിയെങ്കിലും വിമർശനങ്ങൾ ശക്തമായതിനെ തുടർന്ന് പരിഷ്ക്കരണം മാറ്റിവെക്കുകയായിരുന്നു. അടിസ്ഥാന സൗകര്യങ്ങളും അക്കാഡമിക് മികവുകളും കണക്കിലെടുത്ത് സ്കൂളുകൾക്ക് വിവിധ തരം ഗ്രേഡുകൾ നൽകലായിരുന്നു ലക്ഷ്യം. എന്നാൽ ഗ്രാമീണ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ കുറഞ്ഞ സർക്കാർ സ്കൂളുകൾ അടക്കം ഗ്രേഡിംഗിൽ പിന്നോട്ട് പോയാൽ കുട്ടികളെ ആ സ്കൂളുകളിൽ ചേർക്കാൻ രക്ഷിതാക്കൾ മടിക്കുമെന്ന വിലയിരുത്തലാണ് ഉണ്ടായത്. താഴെ തട്ടിലെ ഗ്രേഡ് കിട്ടുന്ന സ്കൂളുകൾ അടച്ചുപൂട്ടേണ്ട സ്ഥിതിയാകുമെന്ന് അധ്യാപക സംഘടനകളും പരാതി ഉന്നയിച്ചിരുന്നു.

നാക് മോഡൽ മാറ്റി പുതിയ രീതിയിലുള്ള ഗ്രേഡിംഗ് സാധ്യതയാകും വിദ്യാഭ്യാസവകുപ്പ് ഇനി പരിഗണിക്കാൻ സാധ്യത. സിബിഎസ്ഇയിൽ ക്ലാളിറ്റി ഇൻഡിക്കേറ്റർ നോക്കി സ്കൂളുകളെ തരംതിരിക്കുന്ന സമ്പ്രദായം കേരള സിലബസ്സിലും വന്നേക്കും. ഇക്കാര്യത്തിൽ അധ്യാപകസംഘടനകളുമായും വിദ്യാഭ്യാസവിദഗ്ധരുമായും സർക്കാർ ഉടൻ ചർച്ച നടത്തും. പരീക്ഷാ രീതിയിലും അടിമുടിമാറ്റവും വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നുണ്ട്.താഴ്ന്ന ക്ലാസുകളിൽ വിവിധ തരം പ്രവൃത്തികളെ അടിസ്ഥാനമാക്കിയാണ് കുട്ടിയെ നിലവിൽ വിലയിരുത്തുന്നത്. എഴുത്തുപരീക്ഷകൾ എല്ലാ ക്ലാസുകളിലും ആവശ്യമില്ലെന്ന് നിരവധി വിദഗ്ധസമിതി റിപ്പോർട്ടുകൾ സർക്കാർ പരിഗണനയിലുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button