മുംബൈ: കുടുംബാസൂത്രണ കിറ്റുകളില്‍ റബ്ബര്‍ ഡില്‍ഡോകള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. തീരുമാനം പുറത്തു വന്നതോടെ കടുത്ത വെല്ലുവിളിയിലാണ് ആശാ പ്രവര്‍ത്തകര്‍. ഗ്രാമ പ്രദേശങ്ങളില്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്കായി, ലൈംഗിക അനുകരണ ഉപകരണത്തിന്റെ ഉപയോഗം വിവരിക്കാനാകാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ആശാ പ്രവര്‍ത്തകര്‍.
ഇതോടെ, സംസ്ഥാനത്തുടനീളമുള്ള ആശാ പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു.കുടുംബാസൂത്രണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നടപടികളുടെ ഭാഗമായാണ് സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ എത്തിയത്.
കുടുംബാസൂത്രണ കിറ്റുകളില്‍ ഡില്‍ഡോകള്‍ ഉള്‍പ്പെടുത്തിയത് കണ്ട് ആശാ പ്രവര്‍ത്തകര്‍ അമ്പരന്നതായാണ് റിപ്പോര്‍ട്ട്. കിറ്റുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ആശാ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡിപ്പാര്‍ട്ട്മെന്റ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചെങ്കിലും, ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
സംസ്ഥാനത്തുടനീളമുള്ള ആശാ പ്രവര്‍ത്തകരില്‍ പലര്‍ക്കും ഈ ഉപകരണത്തെക്കുറിച്ച് അറിയില്ല. വീടുകളില്‍ ചെന്ന് ഇതിന്റെ പ്രവര്‍ത്തനം വിശദീകരിക്കുക എന്നത് പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ ഒരു വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഈ നടപടി അപകീര്‍ത്തികരവും ലജ്ജാകരവുമാണെന്ന് സംസ്ഥാനത്തെ വനിതാ അവകാശ പ്രവര്‍ത്തക തബസ്സം ഹുസൈന്‍ വിമര്‍ശിച്ചു.