തിരുവനന്തപുരം: കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പള വിതരണത്തിൽ വീണ്ടും പ്രതികരണവുമായി ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു രംഗത്ത്. ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള പണം എല്ലാ കാലത്തും സർക്കാരിന് കണ്ടെത്താൻ കഴിയില്ല എന്നായിരുന്നു മന്ത്രി പ്രതികരിച്ചത്.
പൊതുമേഖലാ സ്ഥാപനങ്ങൾ ശമ്പളം കൊടുക്കാൻ വേണ്ടിയുള്ള വരുമാനം സ്വയം കണ്ടെത്തണമെന്നും വകുപ്പ് മന്ത്രി പറഞ്ഞു. തൊഴിലാളി യൂണിയനുകളുമായി തിരുവനന്തപുരത്ത് ചർച്ച നടന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം ഉണ്ടായത്.
കെ എസ് ആർ ടി സി തൊഴിലാളി സംഘടനകൾ ഈ മാസം 28 – ന് പണിമുടക്ക് സമരം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ, തൊഴിലാളി സംഘടനകൾ ഈ സമരത്തിൽ നിന്നും പിന്മാറുകയാണ് ചെയ്തത്. ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു ഏപ്രിൽ 25 – ന് ശമ്പള വിതരണം സംബന്ധിച്ച് ചർച്ച നടത്താമെന്നും തീരുമാനമെടുക്കുമെന്നും വ്യക്തമാക്കി. ഇതിന് പിന്നാലെ ആണ് തൊഴിലാളി സംഘടനകൾ സമരത്തിൽ നിന്നും പിൻമാറാൻ തീരുമാനിച്ചത്.
ശമ്പളത്തിന് 20 ഡ്യൂട്ടി വേണം എന്ന ഉത്തരവ് മരവിപ്പിച്ചു. 12 മണിക്കൂർ ഡ്യൂട്ടി പാറ്റേണും മരവിപ്പിച്ചു. ശമ്പള വിതരണത്തിന്റെ കാര്യത്തിൽ കെ എസ് ആർ ടി സി മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് ഉറപ്പൊന്നും ഇതു വരെ ലഭിച്ചിട്ടില്ല എന്നാണഅ റിപ്പോർട്ട്. ഈ സാഹചര്യത്തിൽ മെയ് 6 ലെ പണിമുടക്കിൽ മാറ്റം ഇല്ലെന്ന് ടി ഡി എഫ് വ്യക്തമാക്കി. ഏപ്രിൽ 28 ലെ സൂചന പണിമുടക്ക് മാറ്റിവെച്ചു എന്ന് സി ഐ ടി യു വ്യക്തമാക്കി.
എന്നാൽ, കെ എസ് ആർ ടി സി പ്രതിസന്ധിയിൽ പ്രതികരണവുമായി ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു നേരത്തെ രംഗത്ത് എത്തിയിരുന്നു. ഈ പ്രതിസന്ധി ഇനിയും തുടർന്ന് പോയാൽ ഉദ്യോഗസ്ഥരെ നിലനിർത്തുന്നതിൽ ബുദ്ധിമുട്ടുണ്ടാകും എന്ന് മന്ത്രി പറഞ്ഞു. പ്രതിസന്ധി തുടർന്നാൽ ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വരും. ഇനി വരുന്ന മാസങ്ങളിൽ ജീവനക്കാർക്ക് കൃത്യമായ രീതിയിൽ ശമ്പളം നൽകാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.