തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞ ശുചീകരണ തൊഴിലാളി ക്രിസ്റ്റഫര്‍ ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍. ജോയിയുടെ അമ്മയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനമായി.
ജോയിയുടെ അമ്മയ്ക്ക് വീടു വെച്ച് നല്‍കുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രനും പറഞ്ഞു. എം എല്‍ എയുടെ നേതൃത്വത്തില്‍ ഇതിനായി സ്ഥലം കണ്ടെത്തും. നേരത്തെ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെ ഉള്ളവര്‍ ജോയിയുടെ മാരായമുട്ടത്തെ വീട് സന്ദര്‍ശിച്ചിരുന്നു. റെയില്‍വേ ആണ് ജോയിയുടെ മരണത്തിന് ഉത്തരവാദികള്‍ എന്നും പരാമവധി വേഗതത്തില്‍ ആവുന്നത്ര നഷ്ടപരിഹാരം നല്‍കാന്‍ തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനുള്ള പണികള്‍ക്കിടെ ജോയിയെ ഒഴുക്കിപ്പെട്ട് കാണാതായത്. 48 മണിക്കൂറുകള്‍ നീണ്ട തിരച്ചലിനൊടുവില്‍ തിങ്കളാഴ്ച രാവിലെയോടെയാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയിരുന്നത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് ജോയിയും മറ്റ് മൂന്ന് തൊഴിലാളികളും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ഭാഗത്തെ തോട് വൃത്തിയാക്കാനിറങ്ങിയത്.
തോട്ടിലിറങ്ങി മാലിന്യം മാറ്റുന്നതിനിടെ പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ ഒഴുക്കില്‍ ജോയിയെ കാണാതാവുകയായിരുന്നു. ഫയര്‍ ഫോഴ്‌സും എന്‍ ഡി ആര്‍ എഫും മണിക്കൂറുകള്‍ തിരഞ്ഞിട്ടും ജോയിയെ കണ്ടെത്താനായിരുന്നില്ല. ഒടുവില്‍ ഞായറാഴ്ച രാത്രിയോടെ നാവിക സേനയും തിരച്ചിലിനായി എത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ നാവികസേന തിരച്ചിലാരംഭിക്കാനിരിക്കെയാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.
തകരപ്പറമ്പ് വഞ്ചിയൂര്‍ റോഡിലെ കനാലില്‍ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ ടണല്‍ കടന്ന് ഒരു കിലോമീറ്ററോളം ഒഴുകിയെത്തി മാലിന്യ കൂമ്പാരത്തില്‍ തട്ടി തടഞ്ഞ് നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. രണ്ട് ദിവസത്തോളം വെള്ളത്തില്‍ കിടന്ന് ജീര്‍ണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. ജോയിയെ കാണാതായ സ്ഥലത്ത് നിന്ന് ഒന്നര കിലോ മീറ്ററിന് അപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകീട്ടോടെയാണ് ജോയിയുടെ മൃതദേഹം സംസ്‌കരിച്ചത്. ആ ദിവസത്തെ എല്ലാ ചെലവുകളും ഇടപെട്ട് സര്‍ക്കാര്‍ തന്നെയാണ് ചെയ്തിരുന്നത് എന്ന് മേയര്‍ പറഞ്ഞിരുന്നു. ജോയിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ വേഗത്തില്‍ നടപ്പിലാക്കണം എന്ന് നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു.