‘അമ്മ’യ്ക്ക് വീഴ്ച സംഭവിച്ചു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പഴുതടച്ച അന്വേഷണം വേണം -പൃഥ്വിരാജ്
കൊച്ചി: ആരോപണങ്ങൾ ഉണ്ടാകുമ്പോൾ അവ അന്വേഷിക്കപ്പെടണമെന്ന് നടൻ പൃഥ്വിരാജ്. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണത്തിനൊടുവിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. ആരോപണങ്ങൾ കള്ളമാണെന്ന് ബോധ്യപ്പെട്ടാൽ മറിച്ചും മാതൃകാപരമായ ശിക്ഷാനടപടികൾ ഉണ്ടാകണം. ഇരകളുടെ പേരുകളാണ് നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥിതി അനുസരിച്ച് സംരക്ഷിക്കപ്പെടേണ്ടത്. ആരോപണ വിധേയരുടെ പേരുകൾ സംരക്ഷിക്കപ്പെടാൻ നിയമം അനുശാസിക്കാത്തിടത്തോളം കാലം ആ പേരുകൾ പുറത്തുവിടാൻ നിയമതടസം ഉണ്ടെന്ന് കരുതുന്നില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
“ഹേമാ കമ്മിറ്റി റിപ്പോർട്ടിലുള്ള പേരുകൾ പുറത്തുവിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അധികാരത്തിൽ ഇരിക്കുന്നവരാണ്. ഹേമാ കമ്മിറ്റിയുമായി ആദ്യം സംസാരിച്ചവരിൽ ഒരാൾ ഞാൻ ആണ്. അതുകൊണ്ട് റിപ്പോർട്ട് പുറത്തുവന്നപ്പോൾ ഞെട്ടലൊന്നും ഉണ്ടായില്ല. ഈ റിപ്പോർട്ട് സമർപ്പിക്കപ്പെടുന്നത് സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നടത്തുവാനും എങ്ങനെയൊരു സുരക്ഷിതമായ തൊഴിലിടം സാധ്യമാകും എന്നതിനെക്കുറിച്ച് ചിന്തിക്കാനുമാണ്. ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിൽ ഒരു ഞെട്ടലുമില്ല. കുറ്റകൃത്യം ചെയ്ത ആൾക്കാരെ കണ്ടെത്തിയിട്ടുണ്ടെങ്കിൽ തുടർനടപടികൾ എന്താണെന്നറിയാൻ നിങ്ങളെപ്പോലെ എനിക്കും ആകാംക്ഷയുണ്ട്.
‘അമ്മയ്ക്ക്’ പരാതികൾ പരിഹരിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്. എനിക്ക് ചെയ്യാൻ കഴിയുന്നത് എനിക്ക് ചുറ്റുമുള്ള തൊഴിലിടം സുരക്ഷിതമാക്കുക എന്നുള്ളതാണ്. പക്ഷേ അതിൽ ഉത്തരവാദിത്വം തീരുന്നില്ല. ഞാനിതിലില്ല എന്ന് സ്ഥാപിക്കുന്നിടത്ത് തീരുന്നില്ല എന്റെയോ നിങ്ങളുടേയോ ഉത്തരവാദിത്തം. പവർഗ്രൂപ്പിനെ എനിക്ക് അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ല. എന്നാൽ, അങ്ങനെയൊരു ഗ്രൂപ്പ് ഇവിടെ ഇല്ല എന്ന് അവകാശപ്പെടാനാവില്ല. അവർ കാരണം ബാധിക്കപ്പെട്ടവർ മലയാള സിനിമയിലുണ്ടെങ്കിൽ അവരുടെ വിഷമം കേൾക്കണം. അങ്ങനെയൊരു ഗ്രൂപ്പ് ഉണ്ടെങ്കിൽ അതില്ലാതാകണം. ശക്തമായ നടപടികളും ഇടപെടലുകളും അമ്മ സംഘടനയുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതുതന്നെയാണ്.
സ്ഥാനങ്ങളിലിരിക്കുന്ന ആളുകൾക്കെതിരെ ആരോപണങ്ങൾ ഉണ്ടാവുകയാണെങ്കിൽ മര്യാദയുടെ ഭാഗമായി ചെയ്യേണ്ടത് ആ സ്ഥാനത്തുനിന്ന് മാറി അന്വേഷണം നേരിടുക എന്നതാണ്. കാരണം ഒരു സ്ഥാനത്തിരിക്കുമ്പോൾ അന്വേഷണം നേരിടാൻ പാടില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ആക്രമിക്കപ്പെട്ട നടി തിരികെ താരസംഘടനയിലേക്ക് എത്തട്ടെ എന്നാണ് പ്രത്യാശിക്കുന്നത്. ഒരു സിനിമ എങ്ങനെ നിർമിക്കുന്നു എന്ന് കൃത്യമായി അറിയാത്തവർക്ക് ഒരു യൂണിഫോമിൽ പ്രവർത്തിക്കുന്ന, ഒരേ സ്വഭാവമുള്ള ബോഡിയായി തോന്നിയേക്കാം. പക്ഷേ ഒരു സിനിമാ സെറ്റ് അങ്ങനെയല്ല. വിലക്കിന്റെ കാര്യത്തിൽ പാർവതിക്ക് മുമ്പ് നിങ്ങളുടെ മുമ്പിലുള്ള ഉദാഹരണം ഞാനല്ലേ. നിരോധനം എന്ന് ഇതിനെ വിളിക്കുന്നത് തെറ്റാണ്. ബഹിഷ്കരണം എന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ അവകാശമാണ്. എന്നാൽ ഇതേകാര്യം ഒരു സ്ഥാനത്തിരിക്കുന്നയാളുകളുടെ ഭാഗത്തുനിന്ന് വരുമ്പോൾ അത് പലപ്പോഴും പ്രതിധ്വനിക്കുന്നത് നിരോധനമായിട്ടാണ്. ഇന്നും സംഘടിതമായരീതിയിൽ ഒരാളുടെ തൊഴിലവസരം നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ അത് കണ്ണുതുറന്ന് കണ്ടേ മതിയാവൂ. അങ്ങനെ ചെയ്യാൻ ആർക്കും അവകാശമോ അധികാരമോ ആർക്കുമില്ല.ഇതിനെയാണ് പവർ ഗ്രൂപ്പ് എന്ന് പറയുന്നതെങ്കിൽ ആ ഗ്രൂപ്പ് മലയാള സിനിമയിൽ ഉണ്ടാവാനേ പാടില്ല.
ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ അന്വേഷിക്കണം. കുറ്റക്കാരെന്ന് തെളിയുന്നവർക്കെതിരെ മാതൃകാപരമായ ശിക്ഷ നടപ്പാക്കണം. ഇങ്ങനെ ഒരു തിരുത്തൽ ആദ്യം നടന്നത് മലയാള സിനിമയിലാണെന്ന് ഇന്ത്യൻ സിനിമയുടെ ചരിത്രം ഒരിക്കൽ രേഖപ്പെടുത്തും.” പൃഥ്വിരാജ് പറഞ്ഞു.