തിരുവനന്തപുരം: ഗവർണർ സർക്കാർ പോര് അതിരൂക്ഷം. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് ഗവർണർ ഇന്ന് കൊച്ചിയിൽ പരസ്യ മറുപടി പറഞ്ഞേക്കും. പ്രിയ വർഗീസിന്റ നിയമനത്തെ പിന്തുണച്ചതും ഗവർണർ സ്ഥാനങ്ങൾ ആഗ്രഹിച്ചു എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങളിൽ ഗവർണർക്ക് കടുത്ത അതൃപ്‌തിയുണ്ട്. വിവാദ ബില്ലുകളിൽ ഒപ്പിടില്ലെന്ന് വീണ്ടും സൂചന നൽകുന്ന ഗവർണർ കണ്ണൂർ വിസിക്കെതിരായ നടപടി ഉടൻ കടുപ്പിക്കും. ഗവർണർക്ക് മറുപടി പറയണം എന്ന സിപിഎമ്മിന്റെ തീരുമാന പ്രകാരം ആയിരുന്നു മുഖ്യമന്ത്രിയുടെ ഇന്നലത്തെ വിമർശനം.
പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം താനറിഞ്ഞാണെന്ന ഗവർണറുടെ ആരോപണം അസംബന്ധമാണെന്നാണ് പിണറായി വിജയൻ ഇന്നലെ പറഞ്ഞത്. ഗവര്‍ണര്‍ പറഞ്ഞതില്‍പ്പരം അസംബന്ധം പറയാന്‍ ആര്‍ക്കും പറയാന്‍ കഴിയില്ലെന്നും ഇരിക്കുന്ന സ്ഥാനത്തിന്‍റെ മഹത്വം നോക്കാതെ എന്തും പറയാൻ ഗവർണർക്ക് എന്താണ് അധികാരമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ സ്റ്റാഫിന്‍റെ ബന്ധു അപേക്ഷ കൊടുക്കുക. പിശക് ഉണ്ടെങ്കിൽ പരിശോധിച്ചോട്ടെ. പിശക് ചെയ്തവർ അനുഭവിക്കുയും ചെയ്തോട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രവൈറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയാ വര്‍ഗീസിന്‍റെ കണ്ണൂര്‍ സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നടത്തിയ പരാമര്‍ശമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.
കേന്ദ്രത്തിൽ ഉയർന്ന പദവി പ്രതീക്ഷിച്ചായിരുന്നു സംസ്ഥാന സർക്കാറിനെതിരായ ഗവർണറുടെ വിമർശനങ്ങളെന്ന് വരെ ഉന്നയിച്ചാണ് ആരിഫ് മുഹമ്മദ് ഖാനെതിരായ വിമര്‍ശനം മുഖ്യമന്ത്രി കടുപ്പിച്ചത്. നിയമപരമായി പാസ്സാക്കുന്ന ബില്ലുകളിൽ ഗവർണർക്ക് ഒപ്പിടാൻ തടസ്സം ഉണ്ടാകേണ്ട, അതിൽ സർക്കാറിന് ആശങ്കയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഗവർണർക്ക് മറുപടി പറഞ്ഞ് പോകണമെന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ തീരുമാനപ്രകാരം തന്നെയാണ് പിണറായിയുടെ വിമർശനം. ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം ഗവർണറുടെ മറുപടിയും രൂക്ഷമായിരിക്കുമെന്ന് ഉറപ്പാണ്. അതായത് സർക്കാർ-ഗവർണര്‍ പോര് കൈവിട്ട വിധത്തിലേക്കാണ് പോകുന്നത്.
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഗവര്‍ണര്‍ ഇന്നലെ കൊച്ചിയിലെത്തിയിരുന്നു. എറണാകുളം ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രാവിലെ എട്ട് മണിയോടെ കുഴിപ്പള്ളി ബീച്ചിലും പിന്നീട് ഭാസ്ക്കരീയത്തിലുമായി രണ്ട് പരിപാടികളില്‍ പങ്കെടുക്കും. അതിന് ശേഷം പത്ത് മണിയോടെ മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ മറുപടി പറയുമെന്നാണ് വിവരം. പത്തരയോടെ വിവിധ പരിപാടികളില്‍ പങ്കടെുക്കുന്നതിനായി ഗവര്‍ണര്‍ തൃശൂരിലേക്ക് പോകും. വൈകുന്നേരം തിരിച്ച് ആലുവയിലെത്തും.