തിരുവനന്തപുരം:സര്‍ക്കാരുമായുള്ള പോരില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്.കേരള സര്‍വ്വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് ഉടൻ സെനറ്റ് പ്രതിനിധിയെ നിർദേശിക്കണമെന്ന് ഗവർണ്ണർ സർവകലാശാലക്ക് അടിയന്തര നിർദേശം നല്‍കി.
വിസി നിയമനത്തിന് ഗവർണ്ണർ രൂപീകരിച്ച സെർച് കമ്മിറ്റിയിലേക്ക് ഇത് വരെ സർവകലാശാല പ്രതിനിധിയെ നിർദേശിച്ചിട്ടില്ല.രണ്ട് അംഗങ്ങളെ ഗവർണ്ണർ തീരുമാനിച്ചിട്ട് ആഴ്ച്ചകൾ പിന്നിട്ടു.നിലവിലെ സാഹചര്യമ നുസരിച്ച് സെര്‍ച്ച് കമ്മറ്റിയില്‍ മൂന്ന് അംഗങ്ങളാണ്. സർവ്വകലാശാല നിയമ ഭേദഗതി ബിൽ നിയമം ആകാൻ കാത്തിരിക്കുകയാണ് കേരള സർവ്വകലാശാല.ഒക്ടോബർ 24 നു വിസിയുടെ കാലാവധി തീരാൻ ഇരിക്കെ ആണ് രാജ്ഭവൻ നീക്കം.
കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തിനായി സർക്കാരിനെ മറികടന്ന് സെർച്ച് കമ്മിറ്റി ഉണ്ടാക്കിയത് ചട്ട പ്രകാരമെന്നാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നിലപാട്. സർവ്വകലാശാലകളിൽ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് ചാൻസിലര്‍ സ്ഥാനത്ത് തുടരുന്നതെന്ന ഓര്‍മ്മപ്പെടുത്തലും കഴിഞ്ഞ ദിവസം ഗവർണ്ണര്‍ ആവര്‍ത്തിച്ചു
ഗവർണ്ണറുടെ അധികാരം കവരാനുള്ള ബില്ലിലും സെർച്ച് കമ്മിറ്റിയിൽ നിന്നും കേരള സർവ്വകലാശാല പ്രതിനിധി പിന്മാറിയതിലും ഗവർണ്ണർക്കുള്ളത് കടുത്ത അതൃപ്തിയാണ്. സർവ്വകലാശാല പ്രതിനിധിയായി ജൂണിൽ തീരുമാനിച്ച ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വി കെ രാമചന്ദ്രൻ അപ്രതീക്ഷിതമായി പിന്മാറിയത്ബില്ല് പാസാക്കാനുള്ള തന്ത്രമാണെന്ന് ഗവർണ്ണർ നേരത്തേ തിരിച്ചറിഞ്ഞു. അതാണ് സർവ്വകലാശാല നോമിനിയെ ഒഴിച്ചിട്ട് തൻറെയും യുജിസിയുടേയും പ്രതിനിധികളെ വെച്ച് സർച്ച് കമ്മിറ്റി ഉണ്ടാക്കിയത്.