തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് എതിരായ സിഎംആർഎൽ വിവാദത്തിൽ നിലപാട് മയപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തെ കുറിച്ച് അറിവില്ലെന്നും രേഖകൾ കാണാതെ ഉള്ളടക്കത്തെ കുറിച്ച് പ്രതികരിക്കാൻ ഇല്ലെന്നും ഗവർണർ പറഞ്ഞു.
ആരോപണം ഗുരുതരമെന്ന് ഇന്നലെ പറഞ്ഞിട്ടില്ലെന്നും, തന്റെ വായിൽ വാക്കുകൾ തിരുകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, മുഖ്യമന്ത്രിയുടെ മകൾക്ക് എതിരെയുള്ളത് ആദായ നികുതി വകുപ്പിന്റെ ആരോപണം അല്ലെന്നും കണ്ടെത്തൽ ആണെന്നുമായിരുന്നു ഗവർണർ ഞായറാഴ്ച കൊച്ചിയിൽ പറഞ്ഞത്.
സിഎംആർഎൽ വിവാദത്തിൽ വീണാ വിജയനെതിരെ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു വിജിലൻസിൽ പരാതി നൽകി. വിവാദത്തിൽ വീണക്കെതിരേയും മുഖ്യമന്ത്രി പിണറായി വിജയനെതിരേയും അന്വേഷണം വേണം. ആദായ നികുതി വകുപ്പ് കണ്ടെത്തൽ പരിശോധിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. അന്വേഷണമാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് ആണ് പരാതി നൽകിയത്.
‘മുഖ്യമന്ത്രിപദവിയുടെ തണലിലാണോ മാസപ്പടി വാങ്ങിയതെന്ന് പരിശോധിക്കണം. സിഎംആർഎൽ കമ്പനി പണം നൽകിയ രാഷ്ട്രീയ നേതാക്കൾക്കെതിരെയും അന്വേഷണം വേണമെന്നും’ ഗിരീഷ് ബാബു പരാതിയിൽ ആവശ്യപ്പെട്ടു.
‘പാർട്ടിക്കുവേണ്ടി സംഭാവന ചോദിക്കുന്നതും മാസപ്പടി വാങ്ങുന്നതും’ തമ്മിൽ വ്യത്യാസമുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. വീണ വിജയൻ സിഎംആർഎല്ലിൽ നിന്ന് പണം വാങ്ങിയത് ഗൗരവമുള്ള വിഷയമാണെന്നും കൂടുതൽ ചർച്ച ചെയ്യപ്പെടണം. എല്ലാ പാർട്ടികളും സംഭാവനകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. എല്ലാം പരിശോധിക്കട്ടെയെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.