‘ഇനിയും തോല്‍ക്കാന്‍ മനസ്സില്ല’; ഗവര്‍ണറുടെ ഡ്രൈവര്‍ തേജസിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവര്‍ തേജസിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. താന്‍ ജീവിതത്തില്‍ തോറ്റുപോയയാളാണെന്നും മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും കത്തില്‍ പരാമര്‍ശമുണ്ട്.

‘എന്റെ മരണമൊഴി. എല്ലാവരും എന്നോട് ക്ഷമിക്കണം. ഞാന്‍ മരിക്കുകയാണ്. ജീവിതത്തില്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയ ഒരാള്‍ ആണ് ഞാന്‍. വീണ്ടും തോല്‍ക്കാന്‍ എനിക്ക് മനസ്സില്ല. ആരോടും എനിക്ക് ദേഷ്യവുമില്ല. എന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ല.’ എന്നാണ് ആത്മഹത്യാ കുറിപ്പിന്റെ ഉള്ളടക്കം.

ചേര്‍ത്തല സ്വദേശി തേജസ് (48) ആണ് മരിച്ചത്. രാജ്ഭവന്‍ ക്വാര്‍ട്ടേഴ്സിലാണ് തേജസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തേജസിന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ശ്രദ്ധയില്‍പ്പെട്ട സുഹൃത്തുക്കളാണ് ക്വാര്‍ട്ടേഴ്‌സില്‍ തിരച്ചില്‍ നടത്തിയത്. ജീവിതം അവസാനിപ്പിക്കുകയാണ് എന്നായിരുന്നു വാട്‌സ്ആപ്പ് സ്റ്റാറ്റസ്. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഗവര്‍ണര്‍ക്ക് രണ്ട് ഡ്രൈവര്‍മാരാണ് ഉള്ളത്. അതില്‍ ഒരാളാണ് ആത്മഹത്യ ചെയ്ത തേജസ്. ചേര്‍ത്തല സ്വദേശി തേജസിന്റെ കുടുംബം എറണാകുളത്താണ് ഉള്ളത്. വര്‍ഷങ്ങളായി രാജ്ഭവനിലെ ജീവനക്കാരാണ് തേസജ്. കഴിഞ്ഞ ദിവസം വിമാനത്താവളം വരെ യാത്ര കഴിഞ്ഞ് 8.55ന് മടങ്ങിയെത്തിയതിന് ശേഷമാണ് ആത്മഹത്യ നടന്നതെന്നാണ് പോലീസ് കരുതുന്നത്. തേജസിന്റെ കുടുംബമെത്തി തിരിച്ചറിഞ്ഞ ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News