തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തി പോലീസ്. എസ്എഫ്ഐക്കാർക്കെതിരെ പോലീസ് മൃദുസമീപനം സ്വീകരിക്കുന്നു എന്ന ആക്ഷേപങ്ങൾക്കിടെയാണ് നടപടി. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് പ്രതിഷേധക്കാർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഐപിസി 124 വകുപ്പ് ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും കത്തയച്ചിരുന്നു. പിന്നാലെയാണ്, പൊലീസിന്റെ നടപടി. നേരത്തെ നിസാര വകുപ്പുകളാണ് എസ്എഫ്ഐക്കാർക്കെതിരെ പൊലീസ് ചുമത്തിയിരുന്നത്. ഗവർണറടക്കം വിഷയത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
13 പ്രവർത്തകർക്കെതിരെയാണ് കലാപാഹ്വാനക്കുറ്റം ചുമത്തിയാണ് നേരത്തെ കേസെടുത്തിരുന്നത്. ആകെ 28 പ്രവർത്തകർക്കെതിരെയാണ് മൂന്ന് സ്റ്റേഷനുകളിലായി കേസ് രജിസ്റ്റർ ചെയ്തത്. ഗവർണർക്കെതിരെ പ്രതിഷേധിച്ച 19 പ്രവർത്തകരെ ഇന്നലെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 28 പേർക്കെതിരെ കേസും രജിസ്റ്റർ ചെയ്തു.
ആദ്യം ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തി. എന്നാൽ നേരം പുലർന്നതോടെ വകുപ്പുകളിൽ കാര്യമായ മാറ്റം വന്നു. ഐ.പി.സി 147 അഥവാ കലാപാഹ്വാനക്കുറ്റം ചുമത്തി. കന്റോൺമെന്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 7 പേർക്കെതിരെയും വഞ്ചിയൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 6 പേർക്കെതിരെയുമാണ് കലാപാഹ്വാനക്കുറ്റം ചുമത്തിയത്.
അനധികൃതമായി കൂട്ടം ചേരൽ, മാർഗതടസ്സം സൃഷ്ടിക്കൽ എന്നിവയാണ് മറ്റ് വകുപ്പുകൾ. കന്റോൺമെന്റ്, വഞ്ചിയൂർ, പേട്ട സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. മൂന്നിടങ്ങളിലുണ്ടായ പ്രതിഷേധങ്ങൾ കണക്കിലെടുത്താണിത്. അതിനിടെ സംസ്ഥാന പൊലീസ് മേധാവി, ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി എന്നിവർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
ഗവർണർക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ വിശദമായ റിപ്പോർട്ട് തയ്യാറാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിഷേധങ്ങളുടെ ദൃശ്യങ്ങളും റിപ്പോർട്ടിനൊപ്പം നൽകണം. റിപ്പോർട്ട് തയ്യാറാക്കാൻ സിറ്റി ഡി.സി.പിക്ക് കമ്മീഷണർ നിർദേശം നൽകി.
വിഷയത്തിൽ ചീഫ് സെക്രട്ടറിയോടും ഡിജിപി- യോടും ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസത്തെ SFI പ്രതിഷേധങ്ങളിൽ സുരക്ഷ വീഴ്ച്ച ഉണ്ടായെന്ന് ഗവർണർ. എന്താണ് ഉണ്ടായതെന്നും പ്രതിഷേധത്തിൽ എടുത്ത നടപടികൾ വിശദീകരിക്കണം എന്നും ഗവർണർ നിർദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ, കന്റോൺമെന്റ് പോലീസ് രാജ്ഭവനിലെത്തി ഗവർണറുടെ സുരക്ഷാ ജീവനക്കാരുടെ മൊഴിയെടുക്കുകയും ചെയ്തു. സംഭവത്തിൽ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് പോലീസ്.