തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ വീണ്ടും കടന്നാക്രമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവനെ നിയന്ത്രിക്കാൻ ഗവൺമെന്റ് സെക്രട്ടറിക്ക് അധികാരമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ ഒരു ഉദ്യോഗസ്ഥനും അതിനുള്ള അധികാരമില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും മുൻ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ എ.കെ.ബാലനെയും ഗവർണർ വിമർശിച്ചു.
എങ്ങനെയാണ് വിഷയങ്ങളിൽ പ്രതികരിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവിന് അറിയില്ല. പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവർത്തിക്കണമെന്ന് ചെന്നിത്തലയോടും ഉമ്മൻ ചാണ്ടിയോടും വി.ഡി. സതീശൻ ചോദിച്ച് മനസ്സിലാക്കണം. ബാലൻ ഇപ്പോഴും ബാലനായി പെരുമാറുന്നു. അദ്ദേഹം വളരാൻ ശ്രമിക്കുന്നില്ല. മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ബാലൻ മുഖ്യമന്ത്രിയുടെ ശ്രദ്ധ ആകർഷിക്കാനായി ബാലിശമായി പെരുമാറുന്നുവെന്നും ഗവർണർ പരിഹസിച്ചു.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തെപ്പറ്റിയുള്ള ആക്ഷേപം അദ്ദേഹം വീണ്ടും ഉന്നയിച്ചു. രണ്ടുവർഷം കൂടുമ്പോൾ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനെ മാറ്റി നിയമിക്കുകയാണ് സർക്കാർ ചെയ്യുന്നത്. സ്റ്റാഫ് നിയമനത്തിന്റെ പേരിൽ പാർട്ടി കേഡർ വളർത്തുന്നു. ഈ രീതി റദ്ദാക്കി അക്കാര്യം നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തണം എന്ന് താൻ ആവശ്യപ്പെട്ടു.
പലരും കാര്യം അറിയാതെയാണ് പ്രതികരിക്കുന്നത്. സർക്കാരിനെ ഉപദേശിക്കാനുള്ള അധികാരം ഗവർണർക്കുണ്ട്. ഒരു കേന്ദ്ര മന്ത്രിക്കുപോലും 12 പേഴ്സണൽ സ്റ്റാഫാണ് ഉള്ളത്. പക്ഷെ സംസ്ഥാനത്തെ പല മന്ത്രിമാർക്കും അതിൽ കൂടുതൽ പേഴ്സണൽ സ്റ്റാഫുണ്ട്. ഇക്കാര്യത്തിൽ താൻ ഫയൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനക്ക് എതിരാണ് ഇക്കാര്യങ്ങൾ. സർക്കാർ കേരളത്തിലെ ജനങ്ങളുടെ പണം ധൂർത്തടിക്കുന്നത് അനുവദിക്കാനാകില്ല.
അതുപോലെ തന്നെ കേരള സർക്കാരിന് രാജ്ഭവൻ നിയന്ത്രിക്കാൻ അവകാശവുമില്ല. എന്നാൽ, പൊതുഭരണ സെക്രട്ടറിയെ മാറ്റാൻ താൻ ആവശ്യപ്പെട്ടിട്ടില്ല. താൻ ഒരു ഉദ്യോഗസ്ഥനെ മാറ്റണമെന്ന് എന്തിന് ആവശ്യപ്പെടണം ? രാജ്ഭവനെ നിയന്ത്രിക്കാനും ഉപദേശിക്കാനും ഗവൺമെന്റ് ഉദ്യോഗസ്ഥന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.