തിരുവനന്തപുരം: ഡി ലിറ്റ് വിഷയത്തിൽ സർക്കാർ ഇടപെട്ടിട്ടില്ലെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ (R Bindu) പ്രസ്താവന സ്വാഗതാർഹമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Arif Mohammed Khan) . സംസ്ഥാന സർക്കാർ കാര്യങ്ങൾ മനസിലാക്കി തുടങ്ങിയതിൽ സന്തോഷം. താൻ ചാൻസലർ ആയി തുടർന്നാൽ രാഷ്ട്രീയ ഇടപെടലുകളും അച്ചടക്ക രാഹിത്യവും വച്ചുപൊറുപ്പിക്കില്ല. കേരള വിസിയുടെ രാജി തീരുമാനിക്കേണ്ടത് താൻ അല്ലെന്നും ഗവർണർ വ്യക്തമാക്കി.
രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ച വിഷയത്തിൽ സർക്കാർ ഇടപെട്ടിട്ടില്ലെന്നും വിഷയം ഗവർണറും വിസിയും തമ്മിൽ പരിഹരിക്കട്ടെ എന്നുമാണ് മന്ത്രി ഇന്നലെ പറഞ്ഞത്. സർക്കാരിന് അതിൽ കക്ഷി ചേരേണ്ട കാര്യമില്ല. ഗവർണർ പറഞ്ഞതിന്റെ വിശദാംശങ്ങൾ അവരോട് ചോദിക്കണം.
തനിക്ക് അറിയില്ല. സർക്കാർ ഒരു നിർദേശവും വിസിക്ക് നൽകിയിട്ടില്ല. സർവകലാശാലയെ നേട്ടങ്ങളിലേക്ക് നയിച്ച ആളാണ് വി സി മഹാദേവൻ പിള്ള. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രജ്ഞരിൽ ഒരാൾ ആണ് കേരള വിസി. അങ്ങനെയുള്ള വി സിയുടെ യോഗ്യതയെ ചോദ്യം ചെയ്യുന്നത് ശരിയല്ല. ഡി ലിറ്റ് വിവാദത്തിൽ വിസിയുടെ ആശയവിനിമയം സർക്കാർ അറിഞ്ഞിട്ടില്ല എന്നും ആർ ബിന്ദു പറഞ്ഞിരുന്നു.
അതേസമയം, രാഷ്ട്രപതിക്ക് ഡി-ലിറ്റ് നിഷേധിച്ച് കൊണ്ട് ഗവര്‍ണ്ണര്‍ക്ക് നല്‍കിയ കത്ത് സമ്മര്‍ദ്ദം കൊണ്ട് എഴുതിയെന്ന് സമ്മതിച്ച് കേരള സർവ്വകലാശാല വിസി വി പി മഹാദേവൻ പിള്ള പറഞ്ഞു. മനസ് പതറുമ്പോള്‍ കൈവിറച്ച് പോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ലെന്നാണ് വി പി മഹാദേവൻ പിള്ള പ്രസ്താവനയില്‍ വിശദീകരിച്ചത്.
ഗുരുഭൂതൻമാരുടെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാൻ പരമാവധി ശ്രമിക്കുമെന്നും വിസി അറിയിച്ചു. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിന്‍റെ ഗ്രാമറും സ്പെല്ലിംഗും തെറ്റാതിരിക്കാൻ പരമാവധി ജാഗരൂകനാണെന്നും വിസി പറയുന്നു. കത്തിനെതിരെ ഗവര്‍ണ്ണര്‍ നടത്തിയ അതിരൂക്ഷ വിമര്‍ശനത്തിനാണ് മറുപടി.
രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനുള്ള ശുപാർശ തള്ളിയെന്ന് ഗവർണ്ണർ പരസ്യമായി സ്ഥിരീകരിച്ചിരുന്നു. പുറത്തുനിന്നുള്ള നിർദ്ദേശം കൊണ്ടാണ് സിന്റിക്കേറ്റ് യോഗം വിളിക്കാതെ ശുപാർശ തള്ളേണ്ടിവന്നതെന്ന് കേരള വിസി അറിയിച്ചെന്നും ഗവർണ്ണർ വെളിപ്പെടുത്തി. ശുപാർശ തള്ളിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിനെ വിളിച്ചെങ്കിലും സംസാരിക്കാനായില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ചാൻസിലറുടെ ശുപാർശ ധിക്കരിച്ച് എഴുതിയ കത്തിലെ ഭാഷ അത്യന്തം ലജ്ജാകരമെന്ന് പറഞ്ഞ് കേരള വിസിക്കെതിരെ ഗവർണ്ണർ തുറന്നടിച്ചിരുന്നു.
കേരള വിസിയെ കടന്നാക്രമിച്ചും മുഖ്യമന്ത്രിയെ സംശയത്തിൻറെ നിഴലിൽ നിർത്തിയുള്ള ഗവർണ്ണറുടെ തുറന്ന പറച്ചിൽ ഡി ലിറ്റ് വിവാദത്തിലെ നിർണ്ണായക വഴിത്തിരിവായിരുന്നു. കേരളയിൽ ബിരുദദാനം നടത്താൻ രാഷ്ട്രപതിയെ വിളിക്കാനാവശ്യപ്പെട്ടെന്നും ചടങ്ങിൽ രാഷ്ട്രപതിയെ ആദരിക്കാമെന്നുമുള്ള ശുപാർശ വെച്ചെന്ന് ഗവർണ്ണർ സമ്മതിക്കുന്നത് ഇതാദ്യമായാണ്. പക്ഷെ സിന്റിക്കേറ്റ് വിളിക്കണമെന്ന നിർദ്ദേശം ധിക്കരിച്ച വിസി നടപടിക്രമങ്ങളൊന്നും പാലിക്കാതെ ശുപാർശ തള്ളിയെന്നും ഗവർണർ പറഞ്ഞിരുന്നു.
ആദ്യം ഫോണിലൂടെ ശുപാർശ നിരാകരിച്ച വിസിയോട് രേഖാമൂലം എഴുതി നൽകാൻ ആവശ്യപ്പെട്ടെന്നാണ് ഗവർണ്ണർ പറഞ്ഞത്. വിസിയുടെ കത്ത് ഉയർത്തി ഗവർണ്ണർ നടത്തിയത് രൂക്ഷമായ വിമർശനമാണ്. ഒരു വിസിയെ ചാൻസിലർ ഇങ്ങിനെ കടുത്ത ഭാഷയിൽ ആക്രമിക്കുന്നത് കേരള ചരിത്രത്തിൽ തന്നെ ആദ്യമാണ്.