തിരുവനന്തപുരം: ഉദ്യോഗസ്ഥതല ചർച്ചയിൽ നൽകിയ വാഗ്ദാനങ്ങളിൽ ഉറപ്പു ലഭിക്കാത്തതിനെ തുടർന്നു സെക്രട്ടേറിയറ്റിനു മുന്നിലെ സമരം ഉദ്യോഗാർഥികൾ തുടരാൻ തീരുമാനം . 28 ദിവസമായി സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ്സെർവന്റ്സ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നിരാഹാര സമരം ആരംഭിച്ചു.
സമരത്തിന്റെ തുടക്കത്തിൽ യുവാവ് ദേഹത്തു മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഉദ്യോഗാർഥി അല്ലാത്തയാൾ സമരത്തിൽ നുഴഞ്ഞു കയറിയെന്ന് ആരോപിച്ച് ഇതേത്തുടർന്നു മന്ത്രിമാർ ഉൾപ്പെടെ അപഹസിച്ചിരുന്നു. സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിലുള്ളവരുടെ രാപകൽ സമരവും തുടരുകയാണ്. ഇവരുടെ സമരം 16 ദിവസം പിന്നിട്ടു.
അതേ സമയം പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ക്കായി സെക്രട്ടേറിയേറ്റിന് മുന്നില്‍ എം.എല്‍.എമാരായ ഷാഫി പറമ്പിലും ശബരിനാഥും നടത്തിവന്ന നിരാഹാര സമരം ഇന്നലെ അവസാനിപ്പിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രഡിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ടാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.
ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റി. എംഎല്‍എമാരുടെ ആരോഗ്യനില മോശമാണെന്നും ആശുപത്രിയിലേക്ക് മാറ്റണമെന്നും തിങ്കളാഴ്ച സമരപ്പന്തലിലെത്തി പരിശോധിച്ച ശേഷം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. പകരം റിയാസ് മുക്കോളി, റിജില്‍ മാക്കുറ്റി, എന്‍എസ് നുസൂര്‍ എന്നീ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാര്‍ നിരാഹാര സമരം തുടരുമെന്നും യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.