തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആദ്യഘട്ടത്തില്‍ വിജയകരമായി നടപ്പാക്കിയ ഹോം ക്വാറന്റൈന്‍ സംവിധാനം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കേരളം. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കാതെ നീങ്ങുന്നതും രോഗബാധ വര്‍ധിക്കുന്നതുമാണ് സംസ്ഥാനത്തെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നത്. കാലവര്‍ഷത്തിനൊപ്പം കൂടുതല്‍ രോഗവ്യാപാനം ഉണ്ടായാല്‍ അത് നിയന്ത്രിക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ടാകും. അതിനാല്‍ അടുത്ത ദിവസങ്ങളില്‍ റോഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ആളുകളെ വീട്ടില്‍ തന്നെ ചിലവിടുന്ന നിലയിലേക്ക് മാറ്റാനാണ് ആലോചന.
കൊവിഡ് സംബന്ധിച്ച് തീരുമാനങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് എടുക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂര്‍, മലപ്പുറം ജില്ലകളിലാവും ആദ്യഘട്ടത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ വരിക. അതുപോലെ കൊവിഡ് സമ്ബര്‍ക്ക രോഗബാധ കൂടുതല്‍വരുന്ന സ്ഥലങ്ങളിലും കര്‍ശനമായ പരിശോധനകള്‍ വരും.
സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തനം പകുതിപേരെ മാത്രം ഉപയോഗിച്ച് നടത്താന്‍ വ്യാഴാഴ്ച്ച തീരുമാനിച്ചത് ഇതിന്റെ മുന്നോടിയാണ്. സൗഹൃദ സന്ദര്‍ശനങ്ങള്‍ക്കായി പുറത്തിറങ്ങുന്നതിനും പൊതു പരിപാടികളും രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ നടത്തുന്നതിനും നിയന്ത്രണങ്ങള്‍ വേണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശം നല്‍കുന്നുണ്ട്.
പോലീസ് റോഡ് പരിശോധന കൂട്ടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതുപോലെ വാര്‍ഡുതല കമ്മിറ്റികള്‍ കൂടുതല്‍ സജീവമാക്കി നിയന്ത്രണങ്ങള്‍ താഴേത്തട്ടിലേക്ക് എത്തിക്കാനും കലക്ടര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ പൊതുപ്രവര്‍ത്തകരുടെ യോഗം ജില്ലാ കലക്ടര്‍മാര്‍ വിളിച്ചുചേര്‍ത്തേക്കും. അവിടെ കൂടുതല്‍ തീരുമാനങ്ങള്‍ എടുത്ത് സമവായത്തിലൂടെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചന.