തിരുവനന്തപുരം: ആറ്റിങ്ങലില്‍ എട്ടു വയസ്സുകാരിയെയും പിതാവിനെയും അപമാനിച്ച സംഭവത്തില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. പോലീസ് ഉദ്യോഗസ്ഥയായ രജിതയില്‍ നിന്ന് നഷ്ടപരിഹാരമായി ഒന്നരലക്ഷം രൂപയും കോടതി ചെലവുകള്‍ക്കായി 25000 രൂപയും ഈടാക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്. പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം ഈടാക്കി പരാതിക്കാര്‍ക്ക് നല്‍കാന്‍ ആഭ്യന്തര വകുപ്പ് ഉത്തറവിറക്കിയത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണ ചെയ്താണ് കുട്ടിയേയും പിതാവിനേയും അപമാനിച്ചത്. എന്നാല്‍ സംഭവം വലിയ വിവാദമായിട്ടും ഉദ്യോഗസ്ഥയെ കൊല്ലത്തേക്ക് സ്ഥലംമാറ്റുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. ഇതോടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെണ്‍കുട്ടിയും പിതാവും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
50 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. തുടര്‍ന്ന് കേസില്‍ വാദം കേട്ട ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് സംസ്ഥാന സര്‍ക്കാര്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടത്. ഇത്തരം കേസുകളില്‍ നഷ്ടപരിഹാരം നല്‍കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന സര്‍ക്കാര്‍ വാദം തള്ളിയാണ് ഹൈക്കോടതി നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിറക്കിയത്.
അന്ന് നടന്ന സംഭവം ഇങ്ങനെ…
ഐ.എസ്.ആര്‍.ഒ.യിലേക്കു ചേംബറുകളുമായി പോകുന്ന ട്രെയിലറുകള്‍ കാണാനാണ് ജയചന്ദ്രനും മകളും ആറ്റിങ്ങല്‍ മൂന്നുമുക്കിലെത്തിയത്. പിങ്ക് പോലീസിന്റെ കാര്‍ നിര്‍ത്തിയിരുന്നതിന് അല്പമകലെയായി സ്‌കൂട്ടര്‍ നിര്‍ത്തി മകള്‍ക്ക് കടയില്‍നിന്നു വെള്ളം വാങ്ങി കൊടുക്കുമ്പോള്‍ കാറിനടുത്തെത്തിയ പോലീസുകാരി ജയചന്ദ്രനോട് ഫോണ്‍ ആവശ്യപ്പെടുകയായിരുന്നു. സ്വന്തം ഫോണ്‍ നീട്ടിയപ്പോള്‍ കാറില്‍നിന്ന് ഫോണെടുത്ത് ജയചന്ദ്രന്‍ മകളെ ഏല്‍പ്പിക്കുന്നതു കണ്ടുവെന്നും അത് നല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് ചോദ്യംചെയ്യലായി. അതോടെ ആളുകള്‍കൂടി.
ഫോണെടുത്തിട്ടില്ലെന്ന് ആണയിട്ടു പറഞ്ഞിട്ടും പോലീസുകാരി കേട്ടില്ലെന്ന് ജയചന്ദ്രന്‍ പറഞ്ഞു. അച്ഛനെയും മകളെയും ദേഹപരിശോധനയ്ക്ക് സ്റ്റേഷനില്‍ കൊണ്ടുപോകണമെന്നായി. ഇതോടെ പേടിച്ച് കുട്ടി കരയാന്‍ തുടങ്ങി.
മോഷ്ടിക്കപ്പെട്ടുവെന്നു പറഞ്ഞ ഫോണിലേക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു വനിതാ പോലീസ് ഉദ്യോഗസ്ഥ വിളിച്ചു. ബെല്‍ കേട്ട് നടത്തിയ തിരച്ചിലില്‍ കാറിന്റെ സീറ്റുകവറിനുള്ളില്‍ നിന്ന് ഫോണ്‍ കണ്ടെടുത്തു. ഇവര്‍ കുട്ടിയെ ആശ്വസിപ്പിച്ചെന്ന് ജയചന്ദ്രന്‍ പറയുന്നു. എന്നാല്‍, പോലീസ് വാഹനത്തില്‍നിന്നുതന്നെ മൊബൈല്‍ഫോണ്‍ കിട്ടിയിട്ടും രജിത ആക്ഷേപം തുടര്‍ന്നെന്നായിരുന്നു ആരോപണം. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.