ന്യൂ ഡൽഹി: തെരഞ്ഞെടുപ്പ് അടുക്കവേ കേന്ദ്രസർക്കാർ പദ്ദതികളുടെ പ്രചാരണത്തിനായി സർക്കാർ ഉദ്യോഗസ്ഥരെ നിയമിച്ച സർക്കുലർ വിവാദത്തിൽ. ഉദ്യോഗസ്ഥരെ രാഷ്ട്രീയ പ്രചാരകരാക്കുന്ന നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രിക്ക് കത്തയച്ചു. മൂന്ന് മാസം നീളുന്ന വികസിത ഭാരത സങ്കൽപ യാത്രയുടെ ഭാഗമായി പഞ്ചായത്ത് തലത്തിൽ ഉദ്യോഗസ്ഥരോട് പ്രചാരണം നടത്താനാണ് സർക്കുലറിലെ നിർദേശം.
കഴിഞ്ഞ ബുധനാഴ്ചയാണ് വിവാദ സർക്കുലർ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത്. 9 വർഷത്തെ കേന്ദ്ര സർക്കാറിന്‍റെ ഭരണ നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാനായി നവംബർ 20 മുതൽ ജനുവരി 25വരെ വികസിത ഭാരത സങ്കൽപ യാത്ര പഞ്ചായത്ത് അടിസ്ഥാനത്തിൽ നടത്തുന്നുണ്ട്, ജോയിന്‍റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിലുള്ള ഉദ്യോഗസ്ഥർ ഈ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമാകണമെന്ന് നിർദേശിക്കുന്നതാണ് സർക്കുലർ.
ദില്ലിയിലെ പ്രിൻസിപ്പൽ ചീഫ് ഇൻകംടാക്സ് ഓഫീസർക്ക് ധനമന്ത്രാലയം അയച്ച സർക്കുലറാണ് ഇപ്പോൾ പുറത്തുവന്നത്. 765 ജില്ലകളിലായി 2.69 ലക്ഷം പഞ്ചായത്തുകളിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്നും പറയുന്നു. സർക്കുലർ വിവാദമായതിന് പിന്നാലെ നടപടിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ രംഗത്തെത്തി. അവധിയിലുള്ള സൈനികർക്കും സമാന നിർദേശം നേരത്തെ നൽകിയിരുന്നെന്നും, സൈനികരെ പോലും കേന്ദ്രസർക്കാറിന്‍റെ അംബാസിഡർമാരാക്കി മാറ്റുന്ന നടപടിയാണിതെന്നും ഖർഗെ കുറ്റപ്പെടുത്തി.
എന്നാൽ സർക്കാർ ഉദ്യോഗസ്ഥർ ഓഫീസുകളിൽ മാത്രമിരുന്നാൽ മതിയെന്നാണോ കോൺഗ്രസ് പറയുന്നതെന്ന് ബിജെപി തിരച്ചടിച്ചു, ജനങ്ങളോട് ഇടപഴകി പദ്ദതിയുടെ നടത്തിപ്പ് ഉദ്യോഗസ്ഥർ വിലയിരുത്തണമെന്നും, തെരഞ്ഞെടുപ്പടുത്തതുകൊണ്ടുമാത്രം ഭരണനിർവഹണം ഉപേക്ഷിക്കില്ലെന്നും ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.