തിരുവനന്തപുരം: വികസനത്തിലെ ഗുജറാത്ത് മോഡൽ പഠിക്കാൻ തയ്യാറായി കേരള സർക്കാർ. ഇതിനായി പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച് വിശദമായി പഠിക്കാനായി ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഉച്ചയോടെ അഹമ്മദാബാദിലേക്ക് തിരിക്കും. നാളെ ഗുജറാത്തിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. വൻകിട പദ്ധതികളുടെ ഏകോപനത്തിന് ഗുജറാത്ത് നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാനാണ് യാത്രയെന്നാണ് ഔദ്യോഗിക വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ഡാഷ് ബോർഡിനെ കുറിച്ചുള്ള നിർദ്ദേശം ഉയർന്നത്.
ഗുജറാത്തിൽ നിന്ന് കേരളത്തിന് ഒന്നും മാതൃകയാക്കേണ്ടതില്ലെന്നും അവിടത്തെ വികസനം വെറും മാദ്ധ്യമസൃഷ്ടിയാണെന്നുമാണ് എൽ ഡി എഫ് പറഞ്ഞിരുന്നത്. ഈ നിലപാടിൽ നിന്നാണ് ഇപ്പോൾ അവർ പിന്നാക്കം പോയിരിക്കുന്നത്. നേരത്തേ യു ഡി എഫ് മന്ത്രിസഭയിൽ അംഗമായിരുന്ന ഷിബു ബേബിജോൺ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുമായി കൂട്ടിക്കാഴ്ച നടത്തിയതും വികസന കാര്യങ്ങളിൽ ചർച്ചനടത്തിയും വൻ വിവാദത്തിന് ഇടയാക്കിയിരുന്നു. ഈ വിഷയം വൻ ചർച്ചയാക്കിയത് പ്രതിപക്ഷത്തിരുന്ന എൽ ഡി എഫായിരുന്നു.
ഗുജറാത്തിലെ നരേന്ദ്ര മോഡിയുടെ വികസനനയങ്ങള്‍ കേരളം മാതൃകയാക്കണമെന്ന് പറഞ്ഞതോടെയാണ് യുവ നേതാവായിരുന്ന എ പി അബ്ദുള്ളക്കുട്ടി സി പി എമ്മിൽ നിന്ന് പുറത്തുപോകേണ്ടിവന്നത്. തുടർന്ന് കോൺഗ്രസിൽ എത്തിയ അബ്ദുള്ളക്കുട്ടിക്ക് അവിടെനിന്ന് പുറത്ത് പോകേണ്ടിവന്നതും മോദി സ്തുതിയുടെ പേരിൽ തന്നെയായിരുന്നു.