ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. അടുത്തയാഴ്ച മുതല്‍ ചൈനയില്‍നിന്നും മറ്റ് അഞ്ചിടങ്ങളില്‍നിന്നും വരുന്ന അന്താരാഷ്ട്ര യാത്രികര്‍ക്ക് ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയേക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അടുത്തയാഴ്ച മുതല്‍ ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഹോങ് കോങ്, തായ്‌ലന്‍ഡ്, സിംഗപ്പുര്‍ എന്നിവിടങ്ങളില്‍നിന്നുള്ള യാത്രികര്‍ എയര്‍ സുവിധ ഫോം പൂരിപ്പിക്കേണ്ടതും യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുന്‍പ് ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് വിധേയരാകേണ്ടതും നിര്‍ബന്ധമാക്കുമെന്നാണ് സൂചന.
ജനുവരി പകുതിയോടെ രാജ്യത്ത് കോവിഡ് രോഗികള്‍ വര്‍ധിച്ചേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത 40 ദിവസം നിര്‍ണായകമാണെന്നും മന്ത്രാലയം പറയുന്നു. വിദേശത്തുനിന്നു വരുന്നവരില്‍ കോവിഡ് വര്‍ധിക്കുന്നതാണ് മുന്നറിയിപ്പിനു പിന്നില്‍.
ബുധനാഴ്ച ദുബായില്‍നിന്ന് ചെന്നൈയിലെത്തിയ രണ്ടു പേര്‍ കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആയിട്ടുണ്ട്. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.അതേസമയം ഡിസംബര്‍ 24-നും 26-നും ഇടയില്‍ രാജ്യത്തെത്തിയ ആറായിരത്തോളം അന്താരാഷ്ട്ര യാത്രികരില്‍ 39 പേരാണ് കോവിഡ് പോസിറ്റീവ് ആയിട്ടുള്ളത്.