ഐ.ടി പാർക്കുകളിൽ ഇനി മദ്യം വിളമ്പാം,​ സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ ഐ.ടി പാർക്കുകളിൽ ഇനി മദ്യം വിളമ്പാം. അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. ഇതിനുള്ള ചട്ടഭേദഗതിയും നിലവിൽ വന്നു. ഉച്ചയ്ക്ക് 12 മുതൽ രാത്രി 12വരെയാണ് പ്രവർത്തന സമയം. ടെക്നോപാർക്ക്, ഇൻഫോ പാർക്ക്, സൈബർപാർക്ക്, സ്മാർട്ട് സിറ്റി ഉൾപ്പെടെയുള്ളവയ്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

10 ലക്ഷമാണ് ലൈസൻസ് ഫീസ്. ഒരു പാർക്കിന് ഒരു ലൈസൻസ് മാത്രമേ അനുവദിക്കൂ. കമ്പനികളോടു ചേർന്നുള്ള ഒരു ഭാഗത്താകണം മദ്യശാലകൾ പ്രവർത്തിക്കേണ്ടത്. ഓഫീസുകളുമായി നേരിട്ടു ബന്ധമുണ്ടാകാൻ പാടില്ല. മദ്യശാലകളിലേക്ക് പ്രത്യേക വഴികളുണ്ടാകണം. എല്ലാ മാസവും ഒന്നാം തീയതിയും മറ്റ് ഡ്രൈ ഡേകളിലും മദ്യവില്പന പാടില്ല.

പാർക്കുകളിൽ പ്രവർത്തിക്കുന്ന കമ്പനികളിലെ അംഗീകൃത സ്റ്റാഫിന് പുറമെ അതിഥികൾ, ഔദ്യോഗിക സന്ദർശകർ എന്നിവർക്കാണ് മദ്യം വിളമ്പാൻ അനുമതി. പുറമെ നിന്നുള്ളവർക്ക് മദ്യം വിൽക്കരുത്. ഗുണമേന്മയില്ലാത്ത മദ്യം വിളമ്പരുത്. ഫോറിൻ ലിക്വർ ഇൻഫർമേഷൻ ടെക്നോളജി പാർക്ക് ലോഞ്ച് ലൈസൻസ് (എഫ്.എൽ 4സി) ബന്ധപ്പെട്ട പാർക്ക് ഡെവലപ്പർമാരുടെ പേരിലാവും അനുവദിക്കുക. ബിവറേജസ് കോർപ്പറേഷൻ വെയർഹൗസുകളിൽ നിന്ന് (എഫ്.എൽ-9) ആയിരിക്കണം മദ്യം വാങ്ങേണ്ടത്.

കേരളത്തിലെത്തിയ പല വിദേശ ഐ.ടി കമ്പനികളും മുമ്പ് സർക്കാരുമായി നടത്തിയ ചർച്ചകളിൽ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു മദ്യലഭ്യത. നിലവിൽ ഐ.ടി പാർക്കുകളിൽ ഇതില്ലാത്തത് അവർ ചൂണ്ടിക്കാട്ടിയിരുന്നു. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് അബ്കാരി ചട്ടഭേദഗതിക്ക് സർക്കാർ തുനിഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News