ഷെഫിന്റെ ഫോട്ടോയിൽ തുടങ്ങിയ ഗോസിപ്പ്‌; കലാശിച്ചത് വിവാഹത്തില്‍

ഹൈദരാബാദ്‌:നടന്‍ നാഗ ചൈതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ഹൈദരാബാദിലെ നടന്റെ വസതിയില്‍ വെച്ചായിരുന്നു വിവാഹനിശ്ചയം. നാഗ ചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന അക്കിനേനിയാണ് വിവാഹനിശ്ചയം ഔദ്യോഗികമായി അറിയിച്ചത്. താരങ്ങള്‍ ജീവിതത്തില്‍ ഒന്നിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് ആരാധകര്‍.

നടി സാമന്ത റൂത്ത് പ്രഭുവായിരുന്നു നാഗചൈതന്യയുടെ മുന്‍ഭാര്യ. 2017 ല്‍ വിവാഹിതരായ ഇവര്‍ നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറില്‍ വേര്‍പിരിഞ്ഞതായി പ്രഖ്യാപിച്ചു. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം നടന്നത്. കുറച്ച് മാസങ്ങള്‍ക്ക് കഴിഞ്ഞപ്പോള്‍ ശോഭിതയും നാഗചൈതന്യയും ഡേറ്റ് ചെയ്യുന്നുവെന്ന അഭ്യൂഹങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. പക്ഷേ ഇരുവരും ഇതെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.

2023 ല്‍ പ്രശസ്ത ഷെഫ് സുരേന്ദര്‍ മോഹന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചിത്രം പങ്കുവച്ചതോടെയാണ് ഗോസിപ്പുകള്‍ ശക്തമായത്. ലണ്ടനില്‍ തന്റെ റെസ്റ്ററന്റ് സന്ദര്‍ശിക്കാനെത്തിയ നാഗാര്‍ജുനയ്‌ക്കൊപ്പമുള്ള ഒരു ചിത്രമായിരുന്നു അത്. ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ കൈകൊണ്ട് മുഖം മറച്ചിരിക്കുന്ന ശോഭിതയെ ആരാധകര്‍ കണ്ടെത്തിയതോടെ ചിത്രം കാട്ടുതീ പോലെ പടര്‍ന്നു. ഇരുവരും സിനിമയില്‍ ഒന്നിച്ചഭിനയിക്കുകയോ സുഹൃത്തുക്കളായി ഒരുമിച്ച് പ്രത്യക്ഷപ്പെടുകയോ ചെയ്തിട്ടില്ല. അതു തന്നെയായിരുന്നു ഗോസിപ്പുകളുടെ ആക്കം കൂട്ടിയത്. തൊട്ടുപിന്നാലെ ലണ്ടനില്‍ നിന്നുള്ള ഇവരുടെ ചിത്രങ്ങള്‍ പ്രചരിച്ചു. ഷെഫ് പങ്കുവച്ച ചിത്രം ചർച്ചയായതോടെ അദ്ദേഹം അത് ഇൻസ്റ്റാ​ഗ്രാമിൽ നിന്ന് നീക്കം ചെയ്തു.

ഒരിക്കല്‍ ആഫ്രിക്കയില്‍ അവധി ആഘോഷിക്കുന്ന ചിത്രം ശോഭിത പങ്കുവച്ചിരുന്നു. ജംഗിള്‍ സഫാരിയുടെ ചിത്രമായിരുന്നു അത്. തൊട്ടുപിന്നാലെ നാഗചൈതന്യയും സമാനമായ ചിത്രം പങ്കുവച്ചതോടെ ആരാധകര്‍ ആവേശത്തിലായി.

ഗോസിപ്പുകള്‍ക്ക് വിരാമം കുറിച്ചുകൊണ്ട് ശോഭിതയും നാഗചൈതന്യയും വിവാഹിതരാവുകയാണ്. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ഇന്ന് രാവിലെ 9: 42 നായിരുന്നു വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. സിനിമാ ഷൂട്ടിങുമായി ബന്ധപ്പെട്ട തിരക്കിലാണ് ഇപ്പോള്‍ ഇരുവരും. ഈ വര്‍ഷം അവസാനം വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News