കൊച്ചി:സംഗീത സംവിധായകൻ ഗോപി സുന്ദറുമായി 14 വർഷത്തോളം ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു ഗായിക അഭയ ഹിരൺമയി. 2022ലായിരുന്നു ഇരുവരും തമ്മിൽ വേർപിരിഞ്ഞത്. പിന്നീട് തന്റെ കരിയറുമായി മുന്നോട്ട് പോകുകയാണ് അഭയ.
ഇപ്പോഴിതാ തന്റെ മുൻ ബന്ധത്തെ കുറിച്ച് കൂടുതൽ സംസാരിക്കുകയാണ് അഭയ. ലിവ് ഇൻ റിലേഷൻ അന്നത്തെ വിപ്ലവകരമായ തീരുമാനമായിരുന്നുവെന്ന് അഭയ പറയുന്നു. എന്നെങ്കിലും ബന്ധം അവസാനിപ്പിക്കേണ്ടി വന്നാൽ അതിനെ നേരിടാൻ താൻ തയ്യാറായിരുന്നുവെന്നും താരം വ്യക്തമാക്കി.
‘ലിവിംഗ് ടുഗേതർ എന്താണെന്ന് ആളുകൾക്ക് മനസിലാകാത്ത കാലത്തായിരുന്നു ഞങ്ങൾ ഒരുമിച്ച് ജീവിച്ച് തുടങ്ങിയത്. വിപ്ലവകരമായ തീരുമാനമായിരുന്നു അത്. അവന്റെ കൂടെ പോയി താമസിക്കുന്നുവെന്നാണ് പലരും പറയുക. അതിനെ ഒരു പക്വമായ തീരുമാനമായി കാണാനുള്ള താത്പര്യം ആളുകൾക്കില്ല.
ഇന്നും അതിന് മാറ്റം വന്നിട്ടൊന്നുമില്ല. എന്നാലും പലരും അത്തരത്തിൽ ജീവിക്കുന്നുണ്ട്. ലിവിംഗ് ടുഗേദർ വർക്ക് ഔട്ട് ആകുകയാണെങ്കിൽ വിവാഹം കഴിക്കാം എന്ന കാഴ്ചപ്പാടുള്ളവർ. അങ്ങനെയുള്ള ആളുകളെ കാണുന്നുണ്ട്. അത് കാണുമ്പോൾ ഞാനൊക്കെ ഇത്തരത്തിലൊരു വലിയ വിപ്ലവകരമായ മാറ്റത്തിന്റെ തുടക്കക്കാരിയാണല്ലോ എന്നാലോചിക്കുമ്പോൾ സന്തോഷമുണ്ട്. എന്നാൽ അന്ന് ഞാനും ഗോപിയുമെടുത്ത സ്ട്രെഗിൾ. സ്ത്രീ എന്ന നിലയിൽ ഞാൻ കൂടുതൽ ബുദ്ധിമുട്ടി.
എന്നെ സംബന്ധിച്ച് ആ ബന്ധത്തിൽ പ്രണയമുണ്ടായിരുന്നു. 14 വർഷം ഒരാളുടെ കൂടെ ജീവിച്ചുവെന്നത് വിജയകരമായ ജീവിതമായിരുന്നു. അതിലെനിക്ക് യാതൊരു വിധത്തിലുള്ള കുറ്റബോധവുമില്ല. അതിന് ശേഷം ഞാൻ എന്റെ ജീവിതവുമായി പോയി.
ഞാൻ വളരണമെന്ന ആഗ്രഹം എനിക്കുണ്ട്. എനിക്ക് ആരെയെങ്കിലും കുറ്റം പറഞ്ഞ് വളരാനല്ല എനിക്ക് താത്പര്യം. ഞാൻ വളരുകയാണെങ്കിൽ മറ്റുള്ളവർക്കും അത് ഉപകാരപ്പെടുകയാണെങ്കിൽ നല്ലതാണല്ലോ.മുൻ ബന്ധത്തെ കുറിച്ച് കുറ്റം പറയുന്നത് ആ റിലേഷൻഷിപ്പിനോട് കാണിക്കുന്ന നീതികേടായിരിക്കും. അത് ശരിയായിട്ടുള്ള പ്രവർത്തനം അല്ലെന്ന് എനിക്ക് ബോധ്യമുണ്ട്.
ലിവിങ് റിലേഷൻഷിപ്പ് എന്നത് മരണം വരെ ഒരുമിച്ച് പേയേക്കാം അല്ലെങ്കിൽ അത് ഇടയിൽ വെച്ച് നിന്നേക്കാം എന്ന തോന്നൽ ഉണ്ട്. ബ്രേക്കപ്പ് ആവുകയാണെങ്കിൽ കുറ്റം പറയാതെ,അതിൽ നിന്ന് മാറി നിൽക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. സ്നേഹം ഉള്ളത് കൊണ്ടാണ് എനിക്ക് ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് മറികടക്കാനായത്. ഇഷ്ടം ഉള്ളത് കൊണ്ടാണ് അതിനെ കാര്യങ്ങളെ ബഹുമാനിച്ച് മാറി നിൽക്കാൻ തീരുമാനിച്ചത്’, അഭയ പറഞ്ഞു.