ആഡംബരത്തില്‍ അവസാനവാക്ക്‌!ഓഫീസിൽ സ്പാ, ഡിവൈസ് വെൻഡിങ് മെഷീൻ; ഗൂഗിളിലെ സൗകര്യങ്ങൾ വിവരിച്ച് ജീവനക്കാരന്റെ പോസ്റ്റ്

കാലിഫോര്‍ണിയ: രൂപകല്‍പ്പനയിലെ പുതുമ കൊണ്ട് ശ്രദ്ധേയമാണ് ഗൂഗിളിന്റെ ലോകമെമ്പാടുമുള്ള ഓഫീസുകള്‍. എല്ലാവരും ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന, നൂതനവും രസകരവുമായ ഒരു കമ്പനിയാക്കാനുള്ള നിരന്തര ശ്രമത്തിലാണ് ഗൂഗിള്‍. അതിനനുസരിച്ചാണ് ഗൂഗിളിന്റെ ഓഫീസുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഗൂഗിളിലെ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ റിദ്ധി ദത്ത ഗൂഗിള്‍ ഓഫീസുകളുടെ സൗകര്യത്തെ കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് പങ്കുവെച്ച ഈ വീഡിയോ ലക്ഷകണക്കിന് ആളുകള്‍ കണ്ടു.

‘ഗൂഗിളിലെ ഭക്ഷണം എല്ലായിടത്തും ചര്‍ച്ചയാവാറുണ്ട്. എന്നാല്‍ അതാണോ എടുത്തുപറയാന്‍ മാത്രം വിലയുള്ള ഒരേയൊരു ആനുകൂല്യം?’ ടെക് ഭീമന്‍ തന്റെ ജീവനക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്ന 5 ഏറ്റവും ശ്രദ്ധിക്കപ്പെടാത്ത ആനുകൂല്യങ്ങള്‍ പങ്കുവെക്കുന്നതിന് മുന്‍പ് ക്ലിപ്പില്‍ ദത്ത ചോദിക്കുന്നു.

ഒന്നാമതായി, എല്ലാ ജീവനക്കാര്‍ക്കും ഓഫീസിനുള്ളില്‍ തന്നെയുള്ള ഓണ്‍സൈറ്റ് സ്പാ സൗകര്യം ലഭ്യമാണെന്ന് ദത്ത പങ്കുവെച്ചു. അവിടെ ജോലിക്കാര്‍ക്ക് മസാജ് ക്രെഡിറ്റുകള്‍ നേടാനും ഫുള്‍ സെഷനുകള്‍ ബുക്ക് ചെയ്യാനും സാധിക്കും.

രണ്ടാമതായി, ഓരോ ഗൂഗിള്‍ ജീവനക്കാരനും റീലോക്കേഷന്‍ സഹായം ലഭിക്കും. ഇതില്‍ ഒന്നോ രണ്ടോ മാസത്തേക്കുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ താമസം, 30 ദിവസത്തേക്ക് ഒരു ഡ്രൈവര്‍, വാഹനം മാറ്റുന്നതിനുള്ള സഹായം, വീട് കണ്ടെത്തല്‍, ബ്രോക്കറുമായി വിലപേശല്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇതിന് പകരം പണം ബോണസായി വാങ്ങാനും സാധിക്കും

ഗൂഗിള്‍ ജീവനക്കാര്‍ക്ക് അവരുടെ ഇഷ്ടാനുസരണം ഡിവൈസ് തിരഞ്ഞെടുക്കാന്‍ സാധിക്കും – ഒരു മാക്, വിന്‍ഡോസ് ക്രോംബുക്ക്, ഒരു പിക്‌സല്‍ അല്ലെങ്കില്‍ ഒരു ഐഫോണ്‍. ഓഫീസിനുള്ളിലെ ഡിവൈസ് വെന്‍ഡിംഗ് മെഷീനില്‍ നിന്ന് അവര്‍ക്ക് അനുബന്ധ ഉപകരണങ്ങളും ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും.

ഇവകൂടാതെ, ഗൂഗിളര്‍മാര്‍ക്ക് ഓഫീസിനുള്ളില്‍ തന്നെയുള്ള ജിമ്മില്‍ വ്യക്തിഗത പരിശീലകരുടെയും ആരോഗ്യകരമായ ഭക്ഷണ ഓപ്ഷനുകളുടെയും പൂര്‍ണ്ണമായ പ്രവേശനം ലഭിക്കും. അവസാനമായി, വാര്‍ഷിക ആരോഗ്യ പരിശോധനയില്‍ ഒരു ഫുള്‍ ബോഡി ചെക്കപ്പ് മാത്രമല്ല, ഡെന്റല്‍ ചെക്കപ്പും ഉള്‍പ്പെടുന്നു. ‘നിങ്ങളുടെ കണ്ണട പോലും ഇതില്‍ ഉള്‍പ്പെടുന്നു,’ ദത്ത പറഞ്ഞു.

വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ കമന്റുകളുമായി എത്തി. ഇതാണെന്റെ സ്വപ്‌ന കമ്പനി. ഇവിടെ ജോലി കിട്ടാന്‍ എന്ത് ചെയ്യണം എന്നൊക്കെയാണ് കമന്റുകള്‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News