KeralaNews

ഗൂഗിൾ മാപ്പിന്റെ ചതി! കാഞ്ഞിരപ്പള്ളിക്കു പോയ ചരക്കുലോറി എത്തിയത് കാനത്ത്,വൈദ്യുതലൈനിൽ ഉടക്കിയ വാഹനം റോഡിൽ കുടുങ്ങി

കറുകച്ചാൽ: ഗൂഗിൾമാപ്പ് നോക്കി എറണാകുളത്തുനിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് പോയ ചരക്കുലോറി വഴി തെറ്റി കാനത്ത് എത്തി. വൈദ്യുതലൈനിൽ ഉടക്കിയ വാഹനം റോഡിൽ കുടുങ്ങി.

ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. എറണാകുളത്തുനിന്ന് കോട്ടയം വഴിയാണ് ലോറി കാഞ്ഞിരപ്പള്ളിയിലേക്ക് തിരിച്ചത്. പതിനാലാംമൈലിലെത്തിയപ്പോൾ ലോറി ചങ്ങനാശ്ശേരി റോഡിലേക്ക് തിരിഞ്ഞ് കാഞ്ഞിരപ്പാറയിലെത്തി. ഇവിടെനിന്ന് ഗൂഗിൾമാപ്പ് നോക്കിയപ്പോൾ കാനം-ഇളപ്പുങ്കൽ വഴി ദേശീയ പാതയിലെത്താനുള്ള വഴിയാണ് കണ്ടത്.

ലോറി ഇതേ റൂട്ടിലൂടെ കാനം കവലയിലെത്തി. ഇവിടെനിന്ന് തിരിയുമ്പോൾ ചന്തക്കവലയിലെ വൈദ്യുതലൈനിൽ ലോറിയുടെ മുകൾഭാഗം ഉടക്കുകയായിരുന്നു. ഉടൻതന്നെ ഡ്രൈവറും സഹായിയും ലോറിയിൽനിന്ന് പുറത്തുചാടി. ഇതോടെ ലോറി റോഡിന്റെ നടുക്കുനിന്ന് മാറ്റാൻ പറ്റാതെയായി. ഗതാഗതവും ഭാഗികമായി മുടങ്ങി.

നാട്ടുകാർ കെ.എസ്.ഇ.ബി.യിൽ വിവരമറിയിച്ചു. ഇതോടെ വൈദ്യുതി ബന്ധവും വിഛേദിച്ചു. നാട്ടുകാർ ചേർന്ന് ഒൻപതരയോടെ വൈദ്യുതി ലൈൻ കയറുകെട്ടി ഉയർത്തിയ ശേഷമാണ് ലോറി റോഡിൽനിന്ന് മാറ്റിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button