KeralaNews

ഗൂഗിൾ മാപ്‌സ് ഫീച്ചറായ സ്ട്രീറ്റ് വ്യൂ ഇന്ത്യയിലും, ആദ്യം ലഭ്യമാക്കുക ഈ നഗരങ്ങളിൽ

ന്യൂഡൽഹി: 360 ഡിഗ്രി പനോരമ ചിത്രങ്ങളുടെ സഹായത്തോടെ  ഒരു പ്രദേശത്തെ വീക്ഷിക്കാന്‍ കഴിയുന്ന ഗൂഗിൾ മാപ്‌സ് ഫീച്ചറായ സ്ട്രീറ്റ് വ്യൂ. പത്ത് വര്‍ഷത്തോളമായി ഗൂഗിള്‍ മാപ്പില്‍ അന്താരാഷ്ട്ര തലത്തില്‍ സ്ട്രീറ്റ് വ്യൂ ഫീച്ചര്‍ വന്നിട്ട്. ദക്ഷിണേഷ്യൻ വിപണിയിൽ കഴിഞ്ഞ ആറുവര്‍ഷമായി ഈ ഫീച്ചര്‍ ലഭിക്കുന്നു എന്നാല്‍ സുരക്ഷ കാരണങ്ങളാല്‍ ഇന്ത്യയില്‍ ഇതുവരെ ഇത് ലഭ്യമായിരുന്നില്ല. ഈ തടസ്സമാണ് ഇപ്പോള്‍ നീങ്ങിയത്. 

ജെനസിസ്, ടെക് മഹീന്ദ്ര എന്നിവയുമായി സഹകരിച്ചാണ് ഗൂഗിൾ മാപ്‌സ് ഫീച്ചറായ സ്ട്രീറ്റ് വ്യൂ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.  ആദ്യഘട്ടത്തില്‍ 10 ഇന്ത്യൻ നഗരങ്ങളിൽ ലഭിക്കും. 2022 അവസാനത്തോടെ 50 ഇന്ത്യൻ നഗരങ്ങളിലേക്ക് ഈ സേവനം ലഭ്യമാക്കാനാണ് ഗൂഗിള്‍ തയ്യാറെടുക്കുന്നത് എന്നാണ് വിവരം. 

ഇതാദ്യമായാണ് സ്ട്രീറ്റ് വ്യൂവിനായി ഗൂഗിൾ മൂന്നാം കക്ഷി സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതെന്ന് ഗൂഗിൾ ബുധനാഴ്ച ദില്ലിയില്‍ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. ഒരു പതിറ്റാണ്ട് മുന്‍പ് ഉണ്ടാക്കിയ സ്ട്രീറ്റ് വ്യൂ 100-ലധികം രാജ്യങ്ങളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 220 ശതകോടി സ്ട്രീറ്റ് വ്യൂ ചിത്രങ്ങൾ സ്വരൂപിച്ചാണ് ഇപ്പോള്‍ സ്ട്രീറ്റ് വ്യൂ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്.

“ഇന്ന് മുതൽ, ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള 150,000 കിലോമീറ്റർ റോഡുകള്‍ക്ക് ഗൂഗിൾ മാപ്പിൽ സ്ട്രീറ്റ് വ്യൂ ലഭ്യമാകും, സ്ട്രീറ്റ് വ്യൂവും ഇന്ത്യയും ഉപയോഗിക്കാൻ തുടങ്ങുന്നതോടെ ഇത് ഉപയോഗിക്കുന്നവരുടെ ദൈനംദിന ജീവിതത്തില്‍  വലിയ മാറ്റം ഉണ്ടാകും” ഗൂഗിളിലെ മാപ്‌സ് എക്‌സ്പീരിയൻസ് വൈസ് പ്രസിഡന്‍റ് മിറിയം കാർത്തിക ഡാനിയൽ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 

സുരക്ഷാ ആശങ്കകൾ കാരണം 2016 ല്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ചിത്രങ്ങൾ ശേഖരിക്കാനുള്ള ഗൂഗിളിന്റെ പദ്ധതി ഇന്ത്യ തള്ളിയിരുന്നു. ഈ സാങ്കേതികവിദ്യ ഭീകരവാദത്തെ സഹായിക്കുമെന്നായിരുന്നു സര്‍ക്കാറിന്‍റെ പ്രധാന വാദം. സൈനിക സംവിധാനങ്ങളും ഉയർന്ന സുരക്ഷാ മേഖലകളുടെയും സുരക്ഷ ആശങ്കയാണ് സ്ട്രീറ്റ് വ്യൂ ഫീച്ചര്‍ ഇന്ത്യയില്‍ ഏര്‍പ്പെടുത്താന്‍ അനുവാദിക്കാതിരുന്നത്.  

എന്നാല്‍ 2021 പുതുക്കിയ ഇന്ത്യയുടെ ജിയോസ്‌പേഷ്യൽ നയം രാജ്യത്ത് സ്ട്രീറ്റ് വ്യൂ വീണ്ടും ആരംഭിക്കാന്‍ സഹായിച്ചതായി ഗൂഗിൾ പറഞ്ഞു. ഇന്ന് മുതൽ പുതിയ സ്ട്രീറ്റ് വ്യൂ ഫീച്ചർ ഗൂഗിൾ മാപ്പിൽ ലഭ്യമാണ്, എന്നാൽ പരീക്ഷണാടിസ്ഥാനത്തിൽ ബാംഗ്ലൂരിൽ മാത്രമായിരിക്കും ആദ്യം ലഭിക്കുക. പിന്നീട് ഹൈദരാബാദിലേക്കും പിന്നീട് കൊൽക്കത്തയിലേക്കും ഫീച്ചർ പുറത്തിറക്കുമെന്ന് ഗൂഗിൾ ഇന്ത്യ ടുഡേ ടെക്കിനോട് പറഞ്ഞു. അതിനുശേഷം അധികം താമസിയാതെ, ചെന്നൈ, ഡൽഹി, മുംബൈ, പൂനെ, നാസിക്, വഡോദര, അഹമ്മദ്‌നഗർ, അമൃത്‌സർ എന്നിവയുൾപ്പെടെ ഇന്ത്യയിലെ കൂടുതൽ നഗരങ്ങളിലേക്ക് സ്ട്രീറ്റ് വ്യൂ വ്യാപിപ്പിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button