പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് അതിതീവ്ര വ്യാപനം; 239 തടവുകാര്‍ക്ക് രോഗബാധ

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപനം രൂക്ഷം. പൂജപ്പുര ജയിലിലെ 239 തടവുകാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവ് ആയ തടവുകാരെ പ്രത്യേക സെല്ലുകളിലേക്ക് മാറ്റി. കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് ജയിലിലുണ്ടായിരുന്ന 961 പേരെയും പരിശോധിച്ചിരുന്നു. അപ്പോഴാണ് ഇത്രയും പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. എങ്ങനെയാണ് ജയിലിനകത്ത് കോവിഡ് എത്തിയതെന്നതില്‍ ആശയക്കുഴപ്പമുണ്ട്.

ഗുരുതര രോഗബാധയുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. പൂജപ്പുരയില്‍ അത്രയധികം രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജയിലുകളിലും പരിശോധന നടത്താന്‍ ജയില്‍ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ജയിലുകളില്‍ പരിശോധനയ്ക്കായി പ്രത്യേക ആരോഗ്യവിഭാഗത്തെ അനുവദിക്കണമെന്ന് ജയില്‍ വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെടും.

അതേസമയം എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്. ജില്ലയില്‍ പരിശോധിക്കുന്നതില്‍ പകുതി ആളുകള്‍ക്കും രോഗം സ്ഥിരീകരിക്കുകയാണ്. രോഗവ്യാപനം കൂടിയ ഇടങ്ങളില്‍ തിങ്കളാഴ്ച മുതല്‍ നിയന്ത്രണം ശക്തമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

ജില്ലയില്‍ ഇന്നലെ 14431 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 7339 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 50.86 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിലെ ടി പി ആര്‍ 30 ശതമാനത്തിന് മുകളിലാണ്. 33873 പേരാണ് നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളത്.

തിരുവനന്തപുരം,കോഴിക്കോട്,തൃശൂര്‍ ജില്ലകളിലും അതിതീവ്ര വ്യാപനമാണ്. സംസ്ഥാനങ്ങളിലെ ക്ലസ്റ്ററുകള്‍ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് ക്ലസ്റ്റര്‍ മാനേജ്മെന്റ സംവിധാനം ഏര്‍പ്പെടുത്തി. ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണമായതിനാല്‍ ഇന്ന് കടകളിലും മറ്റും തിരക്കിന് സാധ്യതയുണ്ട്. നിയന്ത്രിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. കെഎസ്ആര്‍ടിസി ഞായറാഴ്ച യാത്രക്കാരുടെ ആവശ്യമനുസരിച്ചായിരിക്കും സര്‍വീസ് നടത്തുക. പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സര്‍വീസ് .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News