പാരാഗ്ലൈഡിങ്ങിനിടെ അപകടം : രണ്ട് പേര്‍ മരിച്ചു
ധരംശാല: ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്ര ജില്ലയില്‍ പാരാഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടത്തില്‍ രണ്ട് മരണം. ആകാശ് അഗര്‍വാള്‍, രാകേഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആകാശ് പാരാഗ്ലൈഡിങ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
ഗ്ലൈഡര്‍ തള്ളുന്നതിനിടെ കൂടെയുണ്ടായിരുന്ന സഹായി രാകേഷ് കയറില്‍ കുടുങ്ങുകയും ഗ്ലൈഡറിന്റെ ബാലന്‍സ് നഷ്ടപ്പെടുകയും ചെയ്യുകയായിരുന്നു. രാകേഷും ആകാശും 25-30 അടി താഴ്ചയിലേക്ക് വീഴുകയും ഉടന്‍ തന്നെ മരിയ്ക്കുകയും ചെയ്തു. അപകടത്തില്‍ പരിക്കേറ്റ പൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാരാഗ്ലൈഡറില്‍ ഘടിപ്പിച്ച വീഡിയോ ക്യാമറയുടെ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് കാന്‍ഗ്ര പോലീസ് സൂപ്രണ്ട് കെ ശര്‍മ്മ അറിയിച്ചു. പൈലറ്റിന്റെ ലോഗ്ബുക്കും ഗ്ലൈഡര്‍ പറത്തിയുള്ള പരിചയവും പരിശോധിക്കുന്നുണ്ട്. ഇത്തരത്തില്‍ നിരവധി ഗ്ലൈഡിങ് അപകടങ്ങള്‍ പ്രദേശത്ത് നടന്നിട്ടുള്ളതായാണ് വിവരം.