തിരുവനന്തപുരം : വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ സ്വപ്‌നയെയും സന്ദീപ് നായരെയും കൊച്ചിയിലെ എൻഐ എ കോടതിയിൽ ഇന്ന് ഹാജരാക്കും. പത്തുദിവസത്തെ കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുന്നത്.
ഇവരെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് കസ്റ്റംസും അപേക്ഷ നൽകിയിട്ടുണ്ട്. ഇരു പ്രതികളും സമർപ്പിച്ച ജാമ്യഹർജിയും എൻഐഎ കോടതി പരിഗണിക്കും. കേസിൽ നേരത്തെ അറസ്റ്റിലായ മറ്റ് നാലു പ്രതികളുടെ ജാമ്യാപേക്ഷയും സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുളള കോടതി പരിഗണിക്കുന്നുണ്ട്.
അതേ സമയം സ്വപ്നക്കും സുഹൃത്തുക്കള്‍ക്കും സ്വർണ കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന ഒരു വിവരവും തനിക്കുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ എൻഐഎയ്ക്ക് മൊഴി നൽകി. സ്വപ്നയാണ് സരിത്തിനെ പരിചയപ്പെടുത്തിയത്. സൗഹൃദത്തിനപ്പുറം അവരുടെ ബിസിനസ്സിനെ കുറിച്ചോ മറ്റ് ഇടപാടുകളെ കുറിച്ചോ അറിവുണ്ടായിരുന്നില്ലെന്നും ദേശീയ അന്വേഷണ ഏജൻസിക്ക് ശിവശങ്കർ മൊഴി നൽകിയെന്നാണ് സൂചന.