കൊച്ചി:സംസ്ഥാനത്ത് സ്വർണ വിലയില്‍ പുതിയ റെക്കോർഡുകള്‍ സൃഷ്ടിച്ചുകൊണ്ടാണ് ഏപ്രില്‍ മാസം കടന്നുപോയത്. പവന് 54520 എന്ന എക്കാലത്തേയും ഉയർന്ന നിരക്കിലേക്ക് സ്വർണ വില എത്തി. ഇറാന്‍, ഇസ്രായേല്‍ സംഘർഷ സാധ്യത ഉള്‍പ്പെടേയുള്ള നിരവധി വിഷയങ്ങള്‍ അന്താരാഷ്ട്ര വിപണിയിലെ സ്വർണ വിലയെ സ്വാധീനിക്കുകയായിരുന്നു. ഇതാണ് കേരളത്തിലേയും സ്വർണ വിലയേയും സ്വാധീനിച്ചത്.
ഏപ്രില്‍ മാസം സ്വർണ വിലയില്‍ റെക്കോർഡ് സൃഷ്ടിച്ചെങ്കില്‍ മെയ് മാസത്തിന്റെ തുടക്കം സ്വർണ പ്രേമികളെ സംബന്ധിച്ച് ആശ്വാസം നല്‍കുന്നതാണ്. സ്വർണ വിലയില്‍ വലിയ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വർണ വില ആഴ്ചകള്‍ക്ക് ശേഷം 53000 ത്തിന് താഴേക്ക് എത്തുകയും ചെയ്തു.
ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് ഇന്ന് 800 രൂപയാണ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ സ്വർണ വിലയിലുണ്ടായ ഏറ്റവും വലിയ ഇടിവാണ് ഇത്. 52440 എന്നതാണ് ഇന്നത്തെ പവന്റെ വില. ഏപ്രില്‍ ഏഴിനായിരുന്നു ഇതിലും താഴേക്ക് സ്വർണ വില എത്തിയത്. 53240 എന്നതായിരുന്നു ഇന്നലത്തെ നിരക്ക്. ഗ്രാമിന് 100 രൂപ കുറഞ്ഞ് 6555 എന്ന നിലയിലേക്കും എത്തി. 6655 എന്നതായിരുന്നു ഗ്രാമിന്റെ ഇന്നലത്തെ വില.
24 കാരറ്റിലും 18 കാരറ്റിലും സമാനമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു പവന്‍ 24 കാരറ്റ് സ്വർണത്തിന് 872 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്റെ വില ഇന്നലത്തെ 58080 എന്നതില്‍ നിന്നും 57208 ലേക്ക് എത്തി. ഗ്രാമിന് 109 രൂപ കുറഞ്ഞ് 7260 ല്‍ നിന്നും 7151 ലേക്കും എത്തി. 18 കാരറ്റ് സ്വർണത്തിന് ഇന്ന് 656 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 42904 ലേക്കുമെത്തി.
സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ സർവകാല ഉയരത്തിലെത്തിയത് ഏപ്രിൽ 19 നായിരുന്നു. ഗ്രാമിന് 6815 രൂപയും പവന് 54520 രൂപയുമായിരുന്നു അന്നത്തെ നിരക്ക്. ഏപ്രില്‍ രണ്ടിന് രേഖപ്പെടുത്തിയ 50680 രൂപ എന്നതാണ് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്. റെക്കോർഡ് നിരക്കില്‍ നിന്നും ഇടിഞ്ഞ സ്വർണ വില ഏപ്രില്‍ 23 ന് 1120 രൂപയുടെ കുറവോടെ 52920 എന്നതിലേക്ക് എത്തിയിരുന്നു.