CrimeKeralaNews

കരിപ്പൂരിൽ 76 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; കണ്ടെത്തിയത് യുവാവിന്റെ വയറ്റിൽ കാപ്സ്യൂൾ രൂപത്തിൽ

മലപ്പുറം: അബുദാബിയില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളംവഴി ഇന്ത്യയിലേക്ക് കടത്താന്‍ശ്രമിച്ച 76 ലക്ഷം രൂപയുടെ സ്വര്‍ണം പോലീസ് പിടികൂടി. സംഭവത്തില്‍ ഒരു യാത്രക്കാരനേയും സ്വര്‍ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ കള്ളക്കടത്തു സംഘത്തിലെ ഒരാളെയും പോലീസ് അറസ്റ്റ് ചെയ്തു.

അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം വളാഞ്ചേരി സ്വദേശി ഷഫീഖ് (34) ആണ് 1,260 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്തുവെച്ച് പോലീസിൻ്റെ പിടിയിലായത്. സ്വര്‍ണ്ണം കാപ്‌സ്യൂളുകള്‍ രൂപത്തിലാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്.

70 ലക്ഷം രൂപ ചെലവിട്ട് കസ്റ്റംസ് പുതുതായി സ്ഥാപിച്ച ആധുനിക എക്‌സറേ സംവിധാനങ്ങളും മറികടന്ന് ഏയര്‍പോര്‍ട്ടിന് പുറത്തെത്തിയ ഷഫീഖിനെ മലപ്പുറം ജില്ലാ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്.

ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍ എക്‌സറേ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഷഫീഖിന്റെ വയറിനകത്ത് നാല് കാപ്‌സ്യൂളുകള്‍ കാണപ്പെട്ടത്. ശേഷം ഷഫീഖ് കടത്തികൊണ്ടുവന്ന സ്വര്‍ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തി കാത്തുനിന്ന തിരൂരങ്ങാടി സ്വദേശി റഫീഖ് (40)നെ പോലീസ് തന്ത്രപൂര്‍വ്വം വലയിലാക്കുകയായിരുന്നു. റഫീഖ് വന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കള്ളക്കടത്ത് സംഘത്തില്‍പ്പെട്ട റഫീഖിനെ വിശദമായി ചോദ്യംചെയ്തുവരികയാണ്.

ഈ വര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിൽ നിന്ന് പോലീസ് പിടികൂടുന്ന 35-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്. സ്വര്‍ണ കള്ളക്കടത്ത് സംഘങ്ങളും സ്വര്‍ണ കവര്‍ച്ചാ സംഘങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ മരിക്കാനിടയായ രാമനാട്ടുകര സംഭവത്തിന് ശേഷമാണ് കോഴിക്കോട് എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണ കള്ളക്കടത്ത് സംഘങ്ങളെ അമര്‍ച്ചചെയ്യാന്‍ പോലീസ് നടപടികള്‍ കൈക്കൊണ്ടത്.

തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിന് പുറത്തുവെച്ച് 125 കേസുകളിലായി 127 യാത്രക്കാരില്‍ നിന്ന് 68.4 കോടി രൂപ വിലവരുന്ന 114 കിലോയിലധികം സ്വര്‍ണം പോലീസ് പിടിച്ചെടുത്തു. സ്വര്‍ണ കള്ളക്കടത്ത് സംഘങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച 184 പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാനും 56 വാഹനങ്ങള്‍ പിടിച്ചെടുക്കാനും കടത്ത് സ്വര്‍ണം കവര്‍ച്ചചെയ്യാന്‍ എയര്‍പോര്‍ട്ടിലെത്തിയ അര്‍ജുന്‍ ആയങ്കി അടക്കമുള്ള ആറ് കുപ്രസിദ്ധ ക്രിമിനല്‍ സംഘാംഗങ്ങളെയും തൊണ്ടി സഹിതം അറസ്റ്റ് ചെയ്യാനും കള്ളക്കടത്തിന് ഒത്താശചെയ്ത കസ്റ്റംസ്, സി.ഐ.എസ്.എഫ് ഉന്നത ഉദ്യോഗസ്ഥരെെ നിയമത്തിന് മുന്നിലെത്തിലെത്തിക്കാനും പോലീസിന് സാധിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button