ഷാര്‍ജ: സംസ്ഥാനത്ത് നയതന്ത്ര ചാനല്‍ വഴി നടത്തിയ സ്വര്‍ണകള്ളക്കടത്ത് കേസിലെ മൂന്നാം പ്രതി ഫെസല്‍ ഫരീദിനെ പ്രതീക്ഷിച്ചിരിയ്ക്കുന്ന എന്‍ഐഎയ്ക്ക് വലിയ തിരിച്ചട. ഫൈസലിനെ വിട്ടു നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് യുഎഇ ഇതുവരെ പ്രതികരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്റര്‍പോള്‍ വഴി ഫൈസലിനെ ഇന്ത്യയിലെത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നീക്കം. നടത്തുന്നത്.
എന്നാല്‍ യുഎഇയില്‍ നിലവില്‍ ഒന്നിലേറെ കേസുകളില്‍ ഫൈസല്‍ പ്രതിയാണെന്നതാണ് ഇദ്ദേഹത്തെ വിട്ടു നല്‍കാന്‍ തടസം. ചെക്കു കേസുകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പ്രതികളാകുന്നവര്‍ക്ക് എത്ര ഉന്നതരായാലും യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നതാണ് യുഎഇയിലെ നിയമം. നിലവിലുണ്ടായിരുന്ന ചെക്കു കേസിലായിരുന്നു ഫൈസല്‍ ഷാര്‍ജ പോലീസില്‍ കഴിഞ്ഞയാഴ്ച്ച കീഴടങ്ങിയത്. അഭിഭാഷകന് ഒപ്പമെത്തിയായിരുന്നു കീഴടങ്ങല്‍.
അതെ സമയം യുഎഇയുടെ കോണ്‍സുലേറ്റ് വഴി നടന്ന സ്വര്‍ണക്കടത്തില്‍ കോണ്‍സല്‍ ജനറലുമായി ബന്ധപ്പെട്ടും അറ്റാഷെയുമായി ബന്ധപ്പെട്ടും ചില നിര്‍ണായക സൂചനകള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ഫൈസല്‍ ഫരീദ് കസ്റ്റംസിന്റെ കസ്റ്റഡിയിലായാല്‍ കോണ്‍സുലേറ്റിനെ ബാധിക്കുന്നവിധം അന്വേഷണം നീങ്ങുമോ എന്ന ആശങ്കയും ഫൈസലിനെ വിട്ടുനല്‍കാതിരിക്കാന്‍ കാരണമായി പറയുന്നു.
അതിനിടെ ഫൈസലിനെതിരെ കസ്റ്റംസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഫൈസലിന്റെ വീടിനു മുമ്പിലും വാറണ്ട് പതിച്ചിട്ടുണ്ട്. ഫൈസലിനെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും അത് അന്വേഷണത്തെ ബാധിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ കസ്റ്റംസ് സ്വീകരിക്കുന്നുണ്ട്.