തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ ഗൂഢാലോചനയിലും കുറ്റകൃത്യത്തിലും പങ്ക് സമ്മതിച്ച് സ്വപ്ന സുരേഷ്. പ്രതികളെ ഹാജരാക്കിയപ്പോള്‍ എന്‍ഐഎ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കാനും ഭീകരവാദ പ്രവര്‍ത്തനത്തിനും കള്ളക്കടത്ത് സംഘം ശ്രമിച്ചതായി സംശയിക്കുന്നതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും കസ്റ്റഡിയില്‍ എടുത്ത ശേഷം സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരത്തിന് പുറമേ മറ്റ് സ്ഥലങ്ങളിലും ഗൂഢാലോചന നടന്നു. കേസിലെ മുഖ്യ കണ്ണി മലപ്പുറം സ്വദേശി കെ.പി റമീസാണ്. ഇയാള്‍ക്ക് രാജ്യത്തിന് പുറത്തും സ്വര്‍ണക്കടത്തിന്റെ വലിയ ശൃംഖലയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വപ്ന സുരേഷിന്റെ ആറ് മൊബൈല്‍ ഫോണും രണ്ട് ലാപ് ടോപ്പും പിടികൂടി. രണ്ട് മൊബൈല്‍ ഫോണുകള്‍ ഫേസ് ആപ്പ് വഴി തുറന്നു. ബാക്കിയുള്ള ഫോണുകള്‍ തുറന്നു പരിശോധിക്കേണ്ടതുണ്ട്. ടെലഗ്രാം വഴി നടന്ന ചാറ്റ് വീണ്ടെടുക്കാനുള്ള ശ്രമം എന്‍ഐഎ ആരംഭിച്ചു. സ്വപ്നക്ക് നിരവധി ബാങ്കുകളില്‍ പണമിടപാടുണ്ട്. ബാങ്കുകളിലും പണമിടപാട് സ്ഥാപനങ്ങളിലും വന്‍ തോതില്‍ സ്വര്‍ണമുണ്ടെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം.