മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 716 ഗ്രാം തൂക്കംവരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. 35 ലക്ഷം വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടി. കഴിഞ്ഞ രാത്രി ദുബായിയില്‍ നിന്നു എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കാസര്‍ഗോഡ് സ്വദേശി അബൂബക്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
കസ്റ്റംസ് പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നു യുവാവിനെ കസ്റ്റഡിയിലെടുത്ത് വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം മൂന്ന് ഗുളിക മാതൃകയിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
വെള്ളിയാഴ്ച ഷാര്‍ജയില്‍ നിന്നെത്തിയ കടവത്തൂര്‍ സ്വദേശിനികളായ രണ്ടുപേരില്‍ നിന്നും 12 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടിയിരുന്നു. കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ എസ്. കിഷോര്‍, സുപ്രണ്ടുമാരായ പി.സി.ചാക്കോ, നന്ദകുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ ഹബീവ്, ദിലീപ് കൗശല്‍, ജോയ് സെബാസ്റ്റ്യന്‍, മനോജ് യാദവ്, ഹവില്‍ദാര്‍ കെ.ടി.എം.രാജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.