ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ സ്വര്‍ണ്ണവേട്ട. 42 കോടിയുടെ സ്വര്‍ണ്ണമാണ് ഡിആര്‍ഐ ഡല്‍ഹിയില്‍ നിന്നും പിടികൂടിയത്. സംഭവത്തില്‍ 8 പേര്‍ അറസ്റ്റിലായിട്ടുണ്ട്. 504 സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തിരിക്കുന്നത്. ഡിആര്‍ഐയുടെ ഡല്‍ഹി സോണല്‍ യൂണിറ്റാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. വിദേശത്ത് നിന്നെത്തിച്ച സ്വര്‍ണ്ണം കടത്തുന്നുവെന്ന് ഡിആര്‍ഐയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വെ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാനായി മ്യാന്‍മറില്‍ നിന്നെത്തിച്ച സ്വര്‍ണ്ണമാണ് പിടികൂടിയത്. മ്യാന്‍മറില്‍ നിന്നും മണിപ്പൂരിലെ മൊറേയിലെ അന്താരാഷ്ട്ര അതിര്‍ത്തി വഴിയാണ് സ്വര്‍ണ്ണം ഇന്ത്യയിലേക്കെത്തിച്ചത്.
ഗുവാഹത്തിയില്‍ പ്രവര്‍ത്തിക്കുന്ന കള്ളക്കടത്ത് സംഘമാണ് സ്വര്‍ണ്ണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാനായി പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്.