കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. ഓരോ ദിവസവും പുതിയ റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ് സ്വര്‍ണം. അതുകൊണ്ടുതന്നെ റെക്കോര്‍ഡ് വില എന്ന് പറയുന്നതില്‍ കാര്യമില്ല. ഇന്ന് പവന് 480 രൂപ വര്‍ധിച്ചു. അന്തര്‍ദേശീയ വിപണിയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കേരളത്തിലും വന്‍ മുന്നേറ്റം കാണുന്നത്. സ്വര്‍ണവില കൂടുന്നതില്‍ മധ്യേഷ്യക്ക് മുഖ്യ പങ്കുണ്ട്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ പവന്‍ വില 53360 രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 3000 രൂപയിലധികം വര്‍ധിച്ചിരിക്കുകയാണ് ഇപ്പോള്‍. അതുകൊണ്ടുതന്നെ എപ്പോള്‍ സ്വര്‍ണം വാങ്ങിയാലും ലാഭമാണ്. ആഴ്ചകള്‍ പിന്നിട്ടാല്‍ ഇന്നത്തെ വിലയ്ക്ക് കിട്ടില്ല എന്നതാണ് വിപണി സാഹചര്യം. വില കൂടുമെന്ന് ഉറപ്പുള്ള ലോഹമായതിനാല്‍ സ്വര്‍ണം ലാഭം മാത്രമേ തരൂ എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. ഇനി പുതിയ സ്വര്‍ണവില അറിയാം…
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 56480 രൂപയാണ് വില. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 7060 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ വര്‍ധിച്ച് 5840 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ രണ്ട് രൂപ വര്‍ധിച്ചു. ഗ്രാമിന് 98 രൂപയാണ് ഇന്ന് നല്‍കേണ്ടത്. 24 കാരറ്റ് തങ്കക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോയ്ക്ക് 77.5 ലക്ഷം രൂപയോട് അടുത്തു.
അന്തര്‍ദേശീയ വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2662 ഡോളറാണ് വില. വൈകാതെ 2700 ഡോളറിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ കേരള വിപണിയില്‍ ഇനിയും വിലയേറും. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറച്ച പിന്നാലെ മിക്ക രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളും പലിശ നിരക്ക് കുറയ്ക്കുകയാണ്. ഇതോടെ നിക്ഷേപ വരുമാനം കുറയുന്നവര്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നത് വില കൂടാന്‍ ഒരു കാരണമാണ്.
പശ്ചിമേഷ്യയിലെ യുദ്ധ ആശങ്കകളാണ് ഇപ്പോള്‍ സ്വര്‍ണത്തിന് അടിക്കടി വില കൂടാന്‍ പ്രധാന കാരണം. യുദ്ധം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. പലസ്തീന് പുറമെ ലബ്‌നാനിലേക്കും ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയത് മേഖലയില്‍ ഭീതി വര്‍ധിപ്പിച്ചു. ഇതോടെ പുതിയ വന്‍ നിക്ഷേപങ്ങള്‍ക്ക് സാധ്യത കുറഞ്ഞു. നഷ്ടം സംഭവിക്കാതിരിക്കാന്‍ കേന്ദ്ര ബാങ്കുകളും നിക്ഷേപകരും സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. ചൈനയില്‍ നിന്ന് വീണ്ടും ആവശ്യം വര്‍ധിച്ചു.
ഓരോ ദിവസവും സ്വര്‍ണവില വര്‍ധിക്കുന്നതിനാല്‍ എത്ര നേരത്തെ വാങ്ങുന്നോ, അവര്‍ക്ക് ലാഭമാണ്. ദിവസങ്ങള്‍ കഴിയുംതോറും വില കൂടിവരും. നഷ്ടം വര്‍ധിക്കുകയും ചെയ്യും. പശ്ചിമേഷ്യയില്‍ രാഷ്ട്രീയം മാറിയില്ലെങ്കില്‍ സ്വര്‍ണത്തിന് വരുംദിവസങ്ങളിലും വില കൂടും. ക്രൂഡ് ഓയില്‍ വില കുതിക്കുകയാണ്. 75 ഡോളറാണ് ബ്രെന്റ് ക്രൂഡ് വില. മറ്റു ക്രൂഡുകള്‍ക്കും വില ഉയര്‍ന്നിട്ടുണ്ട്. ഡോളര്‍ സൂചിക 100.26ലേക്ക് ഇടിഞ്ഞു. രൂപ 83.55 എന്ന നിരക്കിലാണുള്ളത്.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 61000 രൂപയ്ക്ക് മുകളില്‍ ചെലവ് വരും. പണിക്കൂലി കൂടുതലുള്ള സ്വര്‍ണത്തിന് വില ഇതിനേക്കാള്‍ വര്‍ധിക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 54000 രൂപ ലഭിക്കും. ഇതില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍ പ്രതീക്ഷിക്കാം. വില കൂടിവരുന്നതിനാല്‍ 18 കാരറ്റ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.