KeralaNews

താരങ്ങള്‍ ഓരോരുത്തരായി ചോദ്യംചെയ്യലിന്; മുകേഷിന് പിന്നാലെ ഇടവേള ബാബുവും പൊലീസിന് മുന്നില്‍

കൊച്ചി: നടി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ നടനും താരസംഘടനയായ അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലെത്തി. ചോദ്യം ചെയ്യലിനായാണ് ഇടവേള ബാബുവിനെ എസ് ഐ ടി വിളിപ്പിച്ചത്. കൊച്ചിയിലുള്ള കോസ്റ്റല്‍ പൊലീസ് ആസ്ഥാനം കേന്ദ്രീകരിച്ചാണ് പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നത്.

ഇവിടേക്കാണ് ഇടവേള ബാബു എത്തിയിരിക്കുന്നത്. കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എ ഐ ജി പൂങ്കുഴലിയും ഇവിടെ എത്തിയിട്ടുണ്ട്. ഇടവേള ബാബുവിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ആലുവ സ്വദേശിയായ നടിയാണ് ഇടവേള ബാബുവിനെതിരെ പരാതി നല്‍കിയത്. അമ്മ സംഘടനയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്‌ളാറ്റിലേക്ക് വിളിച്ച് വരുത്തി മോശമായി പെരുമാറി എന്നാണ് പരാതി.

ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് ലൈംഗിക ചുവയോടെ സംസാരിച്ചു എന്ന മറ്റൊരു പരാതിയും ഇടവേള ബാബുവിനെതിരെ ഉണ്ട്. ഈ കേസുകളില്‍ നേരത്തെ തന്നെ അഡീഷണല്‍ സെഷന്‍സ് കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അതിനാല്‍ ചോദ്യം ചെയ്യലിന് ശേഷം ഇടവേള ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയാലും ഉപാധികളോടെ ജാമ്യത്തില്‍ വിട്ടയയ്ക്കാനാണ് സാധ്യത.

ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് ആണ് ബാബുവിനെതിരെ കേസെടുത്തിരിക്കുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതിയുടെ പരാതിയില്‍ കോഴിക്കോട് നടക്കാവ് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ രണ്ട് കേസുകളും സിനിമാ മേഖലയിലെ ലൈംഗികാതിക്രമ പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.

നേരത്തെ ബാബുവിന്റെ ഫ്‌ളാറ്റില്‍ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്ന് ചില രേഖകള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. പരാതിക്കാരിയെ ഫ്‌ളാറ്റിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. അമ്മയില്‍ അംഗത്വം നേടാനായി വിളിച്ചപ്പോള്‍ അപേക്ഷ പൂരിപ്പിക്കാന്‍ നടിയോട് ഫ്‌ളാറ്റിലേക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും ഇതിനിടെ കഴുത്തില്‍ ചുംബിച്ചെന്നുമാണ് പരാതി.

പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ ചുരുങ്ങിയത് 10 വര്‍ഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. അതേസമയം കഴിഞ്ഞ ദിവസം നടനും എംഎല്‍എയുമായ മുകേഷിനെ എസ് ഐ ടി അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ നേരത്തെ ജാമ്യം ലഭിച്ചതിനാല്‍ വിട്ടയയ്ക്കുകയായിരുന്നു.

മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് വൈദ്യ പരിശോധനയ്ക്ക് ശേഷം മുകേഷിനെ വിട്ടയയ്ക്കുകയായിരുന്നു. പൂങ്കുഴലിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. സിനിമയില്‍ അവസരവും സിനിമ സംഘടനയില്‍ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്നാണ് മുകേഷിനെതിരായ നടിയുടെ പരാതി.

മരടിലെ വില്ലയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു, ഒറ്റപ്പാലത്ത് ഷൂട്ടിംഗ് സ്ഥലത്ത് കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയവയാണ് മുകേഷിനെതിരായ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. പീഡനക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കല്‍, ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ച് കടക്കല്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന ആംഗ്യം കാണിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് മുകേഷിനെതിരെ കേസെടുത്തത്.

മരട് പൊലീസാണ് മുകേഷിനെതിരെ കേസെടുത്തത്. ഇത് പിന്നീട് പ്രത്യേക അന്വേഷണം സംഘം ഏറ്റെടുക്കുകയായിരുന്നു. പത്ത് വര്‍ഷം വരെ തടവും പിഴയും ചില അവസരങ്ങൡ ജീവപര്യന്തം തടവും വരെ ലഭിക്കാവുന്ന വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം വിപുലീകരിച്ചിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. അമ്മ സംഘടനയിലെ മുന്‍ ഭാരവാഹികളുടെ അടക്കം മൊഴിയെടുക്കാനാണ് എസ്‌ഐടിയുടെ നീക്കം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker