സ്വര്‍ണവില പുതിയ ഉയരങ്ങളില്‍; ചരിത്രത്തില്‍ ആദ്യമായി 75000 പിന്നിട്ടു

കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. കേരളത്തില്‍ പവന്‍ വില മുക്കാല്‍ ലക്ഷം രൂപ കടന്നു. ആദ്യമായിട്ടാണ് ഇത്രയും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം എത്തുന്നത്. രാജ്യാന്തര വിപണിയിലെ മുന്നേറ്റമാണ് കേരളത്തിലും വില കൂടാന്‍ കാരണം. അതേസമയം, നാളെ വില കുറയുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഉയര്‍ന്ന നിരക്കില്‍ നിന്ന് അല്‍പ്പം താഴാന്‍ തുടങ്ങിയത് ഈ പ്രതീക്ഷയ്ക്ക് കാരണമായി.

ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3435 ഡോളറിലെത്തിയ ശേഷം 3425ലേക്ക് താഴ്ന്നിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില ബ്രെന്റ് ക്രൂഡ് ബാരലിന് 68 ഡോളര്‍ എന്ന നിരക്കിലാണ്. അതേസമയം, ഡോളര്‍ സൂചിക 97ല്‍ നില്‍ക്കുന്നത് സ്വര്‍ണവില കൂടാന്‍ കാരണമായി. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 86.41 ആയിട്ടുണ്ട്. ബിറ്റ് കോയിന്‍ വില 1.20 ലക്ഷത്തിന് അടുത്തെത്തി.

gold price kerala july23

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വിലയാണ് ഇന്ന്. 75040 രൂപയാണ് പുതിയ പവന്‍ നിരക്ക്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 72000 രൂപയായിരുന്നു. അതായത് 3000 രൂപയില്‍ അധികം ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ട്. അമേരിക്കയും ജപ്പാനും തമ്മിലുണ്ടാക്കിയ വ്യാപാര കരാര്‍ ആണ് വരുംദിവസങ്ങളില്‍ സ്വര്‍ണ വില കുറയുമെന്ന് പറയാന്‍ കാരണം.

ജപ്പാനെതിരെ 25 ശതമാനം ഇറക്കുമതി ചുങ്കം ചുമത്തുമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച ഇക്കാര്യത്തില്‍ കരാറായി. 15 ശതമാനമാണ് ജപ്പാന്റെ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി നികുതി. വ്യാഴാഴ്ച യൂറോപ്യന്‍ യൂണിയനുമായി അമേരിക്ക ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. അവിടെയും കുറഞ്ഞ നിരക്കിലേക്ക് അമേരിക്ക സമ്മതിക്കുമെന്നാണ് പ്രതീക്ഷ.

ഇന്നത്തെ സ്വര്‍ണവിലകള്‍

ജപ്പാന് പിന്നാലെ യൂറോപ്പുമായും കുറഞ്ഞ നിരക്കില്‍ താരിഫ് കരാര്‍ എത്തിയാല്‍ സ്വര്‍ണവില കുറഞ്ഞേക്കും. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ഒരു കോടി രൂപയ്ക്ക് മുകളിലാണ് ഇന്നത്തെ ബാങ്ക് നിരക്ക്. 22 കാരറ്റ് ഗ്രാമിന് 95 രൂപ വര്‍ധിച്ച് 9380 രൂപയായി. പവന്‍ 760 രൂപ വര്‍ധിച്ചു. 18 കാരറ്റ് ഗ്രാമിന് 7695 രൂപ, 14 കാരറ്റ് ഗ്രാമിന് 5995 രൂപ, 9 കാരറ്റ് ഗ്രാമിന് 3860 രൂപ എന്നിങ്ങനെയാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണ വില.

കേരളത്തില്‍ വെള്ളിയുടെ വില സര്‍വകാല റെക്കോര്‍ഡിലാണ്. ഗ്രാമിന് 125 രൂപയാണ് ഇന്ന് നല്‍കേണ്ടത്. കഴിഞ്ഞ ഏപ്രില്‍ 22ന് ആഗോള സ്വര്‍ണവില 3500 ഡോളറില്‍ എത്തിയിരുന്നു. എന്നാല്‍ അന്ന് രൂപയുടെ വിനിമയ നിരക്ക് 84.75 ആയിരുന്നതിനാല്‍ ഗ്രാം വില 9310 രൂപയില്‍ നിന്നു. രൂപയുടെ മൂല്യം ഇടിയുമ്പോള്‍ സ്വര്‍ണത്തിന് വില കൂടുകയാണ് ചെയ്യുക.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 81500 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. കുറഞ്ഞ പണിക്കൂലിയിലാണ് ഈ ആഭരണം ലഭിക്കുക. അതേസമയം, ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി വര്‍ധിക്കും. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് സംബന്ധിച്ച് വ്യക്തമാക്കാത്തതും വിപണിയില്‍ പ്രധാന ചര്‍ച്ചയാണ്. പഴയ സ്വര്‍ണം ഇന്ന് വില്‍ക്കുന്നവര്‍ക്ക് 73000 രൂപ വരെ ഒരു പവന് ലഭിച്ചേക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News