കൊച്ചി: ഓരോ ദിവസവും സ്വര്‍ണവില ഇടിഞ്ഞുവരുന്നതാണ് വിപണിയില്‍ നിന്നുള്ള കാഴ്ച. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നാണ് ഇടിവ് തുടങ്ങിയത്. പിന്നീട് വിലയില്‍ ചാഞ്ചാട്ടം പ്രകടമായിട്ടില്ല. ഓരോ ദിവസവും നേരിയ കുറവ് വന്ന് നാലാം ദിവസമെത്തിയതോടെ 400 രൂപയുടെ കുറവാണ് രേഖപ്പെടുത്തുന്നത്.
വരും ദിവസങ്ങളിലും സ്വര്‍ണവില ഇടിയാനാണ് സാധ്യത എന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. എണ്ണവില കുത്തനെ ഇടിഞ്ഞതും വിപണിയില്‍ ആശ്വാസമുണ്ടാക്കി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ നല്‍കേണ്ടത് 44880 രൂപയാണ്. 45000ത്തില്‍ നിന്ന് താഴെ എത്തിയത് ആശ്വാസമാണ്. 120 രൂപയുടെ കുറവാണ് പവന്മേല്‍ ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5610 രൂപയിലെത്തി.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 45280 രൂപയായിരുന്നു. ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 400 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ദേശീയ വിപണിയില്‍ 22 ക്യാരറ്റ് സ്വര്‍ണം പവന് 44992 രൂപയാണ്. 22 ക്യാരറ്റ് സ്വര്‍ണം ഗ്രാമിന് 5624 രൂപയും 24 ക്യാരറ്റ് ഗ്രാമിന് 5891 രൂപയുമാണ് ദേശീയ വിപണിയിലെ വില. വെള്ളി കിലോയ്ക്ക് 74500 രൂപയാണ് നല്‍കേണ്ടത്. ചില നഗരങ്ങളില്‍ നേരിയ വ്യത്യാസമുണ്ടാകും.
അതേസമയം, വിപണിക്ക് ഇന്ന് ഏറെ ആശ്വാസം നല്‍കുന്നത് എണ്ണവിലയിലെ കുറവാണ്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 81.61 ഡോളര്‍ നല്‍കണം. നേരത്തെ ഇത് 91 വരെ ഉയര്‍ന്നിരുന്നു. സൗദി അറേബ്യയും റഷ്യയും ഉല്‍പ്പാദനം കുറച്ചിട്ടും വില ഉയരാത്ത് ആ രാജ്യങ്ങള്‍ക്ക് തിരിച്ചടിയാണ്. അതേസമയം ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും അടുത്ത മാസം ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന എണ്ണവില കൂട്ടില്ലെന്ന് സൗദി അരാംകോ അറിയിച്ചിട്ടുണ്ട്.
ഡോളര്‍ ഇന്‍ഡക്‌സ് അല്‍പ്പം ഉയര്‍ന്നിട്ടുണ്ട്. 105.60 എന്ന നിരക്കിലാണ് ഡോളര്‍. എന്നാല്‍ ഒരു മാസം മുമ്പുള്ള കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. 107 ഡോളര്‍ വരെ ഉയര്‍ന്ന ശേഷമാണ് കുറഞ്ഞതും ഇപ്പോള്‍ തിരിച്ചുകയറി വരുന്നതും. രൂപയുടെ മൂല്യം ഇന്ന് ഡോളറിനെതിരെ 83.26 എന്ന നിരക്കിലാണ്. ഡോളര്‍ കരുത്ത് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില കുറയും.
അതേസമയം, ഇന്ന് സ്വര്‍ണാഭരണം വാങ്ങുന്നവര്‍ ഒരു പവന് 48000 രൂപ വരെ നല്‍കേണ്ടി വരും. സ്വര്‍ണ വിലയ്ക്ക് പുറമെ പണിക്കൂലി ചുരുങ്ങിയത് 6 ശതമാനം നല്‍കേണ്ടി വരും. സ്വര്‍ണത്തിന്റെയും പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനം ജിഎസ്ടിയും നല്‍കണം. ഇതോടെയാണ് 3000 രൂപയിലേറെ അധികം നല്‍കേണ്ടി വരിക.