സ്വര്‍ണ വില കൂടി; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. പവന് 80 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,880 രൂപ. ഗ്രാം വില പത്തു രൂപ ഉയര്‍ന്ന് 4485 രൂപയായി. രണ്ടു ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 35,800 രൂപയായിരുന്നു ശനി, ഞായര്‍ ദിവസങ്ങളിലെ വില.ഒന്നാം തീയതി രേഖപ്പെടുത്തിയ 34,720 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നു. ട്രോയ് ഔണ്‍സിന് 1,798.67 ഡോളറിലാണ് വ്യാപാരം. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തെ ഇതുവരെയുള്ള കുറഞ്ഞ നിരക്ക്. പിന്നീട് സ്വര്‍ണ വില ഉയരുകയായിരുന്നു. ഈ മാസം ഇതുവരെ സ്വര്‍ണ വില പവന് 1,160 രൂപയാണ് വര്‍ദ്ധിച്ചത്.

ഒക്ടോബറില്‍ വില ഉയര്‍ന്നത് സ്വര്‍ണ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. പണപ്പെരുപ്പം ഉയരുന്നതിനാല്‍ വില താല്‍ക്കാലികമായി ഇടിഞ്ഞാലും സ്വര്‍ണ വില ഉയരാനുള്ള സാധ്യതകള്‍ നിരീക്ഷകര്‍ തുടക്കം മുതല്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു . സെപ്റ്റംബര്‍ നാലു മുതല്‍ ആറു വരെ ഒരു പവന്‍ സ്വര്‍ണത്തിന് 35,600 രൂപയായിരുന്നു വില. ഇതായിരുന്നു സെപ്റ്റംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പിന്നീട് വില കുറഞ്ഞു. സെപ്റ്റംബര്‍ 30ന് കഴിഞ്ഞ അഞ്ച് മാസങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില. പവന് 34,440 രൂപയായിരുന്നു വില. കഴിഞ്ഞ മാസം പവന് 1,000 രൂപയാണ് കുറഞ്ഞത്.

ആഗസ്റ്റ് ഒന്ന്, രണ്ട് തീയതികളില്‍ ആഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 36,000 രൂപയായിരുന്നു വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4,500 രൂപയും. പിന്നീട് ആഗസ്റ്റ് ഒന്‍പതിന് സ്വര്‍ണ വില പവന് 34,680 രൂപയായി കുറഞ്ഞിരുന്നു. ഇതാണ് ആഗസ്റ്റിലെ ഏറ്റവും കുറഞ്ഞ നിരക്ക്.

ഓഹരികള്‍ കരുത്താര്‍ജിച്ചതും യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും കഴിഞ്ഞ മാസം സ്വര്‍ണത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു . ഡോളറിന്റെ വിനിമയ മൂല്യം ഉയര്‍ന്നതും സ്വര്‍ണത്തിന് തിരിച്ചടിയായി മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്വര്‍ണത്തിന് മൂല്യമേറുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News