.കൊച്ചി:കയറ്റിറക്കങ്ങള്‍ക്ക് ശേഷം ബുധനാഴ്ച കേരളത്തില്‍ സ്വര്‍ണ വില കൂടി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 11,815 രൂപയിലെത്തി. പവന് 400 രൂപയുടെ വര്‍ധനവോടെ 94,520 രൂപയിലെത്തി. പുതിയ റെക്കോര്‍ഡാണിത്. ഇന്നത്തെ വിലയോടെ ഒരു പവന് ഒരു ലക്ഷത്തിലേക്കുള്ള ദൂരം 5,480 രൂപ മാത്രമാണ്. റെക്കോര്‍ഡ് വിലയില്‍, കുറഞ്ഞ പണിക്കൂലിയില്‍ പോലും ഒരു പവന്‍ വാങ്ങാന്‍ ഒരു ലക്ഷത്തിലധികം നല്‍കണം.
അഞ്ചു ശതമാനം പണിക്കൂലിയില്‍ ഒരു പവന് 1,02,274 രൂപ നല്‍കണം. 10 ശതമാനം പണിക്കൂലിയില്‍ 1,07,091 രൂപയാണ് ഒരു പവന്‍ ആഭരണം വാങ്ങാന്‍ വേണ്ട ചെലവ്. രാജ്യാന്തര സ്വര്‍ണ വില 4191.50 ഡോളറിലെത്തി പുതിയ റെക്കോര്‍ഡിട്ടു. 4,174.10 ഡോളറിലാണ് നിലവില്‍ വ്യാപാരം. അതേസമയം, രൂപ ഡോളറിനെതിരെ 52 പൈസ നേട്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.
പലിശ നിരക്ക് കുറയ്ക്കുമെന്ന ഫെഡ് ചെയര്‍മാന്‍ ജെറോം പവലിന്‍റെ സൂചനയ്ക്ക് പിന്നാലെ ഡോളര്‍ സൂചിക ഇടിഞ്ഞത് രൂപയ്ക്ക് നേട്ടമായി. ഇന്നലെ 88.79 നിലവാരത്തില്‍ ക്ലോസ് ചെയ്ത രൂപ ഇന്ന് 88.27 നിലവാരത്തിലാണ് വ്യാപാരം തുടങ്ങിയത്. ഇത് ആഭ്യന്തര വിപണിയില്‍ വലിയ വര്‍ധനവ് ഇല്ലാതെ രക്ഷിച്ചു. ആഗോള രാഷ്ട്രീയ സാഹചര്യങ്ങളില്‍ സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് ഡിമാന്‍റ് ഉയര്‍ന്നതാണ് രാജ്യാന്തര വിലയെ മുന്നോട്ട് നയിക്കുന്നത്. യു.എസ് ഫെഡറല്‍ റിസര്‍വ് ഇനിയും പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയും യു.എസ്– ചൈന വ്യാപാര ബന്ധത്തിലെ പുതിയ ആശങ്കകളുമാണ് നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണത്തിന് ഊര്‍ജമാകുന്നത്.
സ്വര്‍ണ ഇടിഎഫിലേക്കുള്ള തുടര്‍ച്ചയായ നിക്ഷേപവും സെന്‍ട്രല്‍ ബാങ്കുകളുടെ തുടര്‍ച്ചയായ വാങ്ങലും വിലയെ സ്വാധീനിക്കുന്നുണ്ട്.സ്വര്‍ണ വില ഇനിയും കുതിക്കുമെന്നാണ് നിക്ഷേപ സ്ഥാപനങ്ങളുടെ പ്രവചനം. 2026 ന്‍റെ അവസാനത്തോടെ സ്വര്‍ണ വില ഔണ്‍സിന് 4,900 ഡോളറിലേക്ക് കുതിക്കുമെന്നാണ് ഗോള്‍ഡ്മാന്‍ സാച്സ് നല്‍കുന്ന പ്രവചനം.
കേന്ദ്ര ബാങ്കുകളുടെ തുടര്‍ച്ചയായ വാങ്ങലും ഇടിഎഫ് നിക്ഷേപവുമാണ് വിലയിലെ മുന്നേറ്റത്തിനുള്ള സാധ്യതയായി കാണിക്കുന്നത്. 2026 ഓടെ 5000 ഡോളറിലേക്ക് എത്തുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയിലെ അനലിസ്റ്റുകളുടെ പ്രവചനം.


