കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന വിലയാണ് ഇന്ന് കുറഞ്ഞത്. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 36,000 രൂപ. ഗ്രാമിന് പത്ത് രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4500 രൂപ.
ഈ മാസം ആറിന് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവാണുണ്ടായത്. പവന് 320 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36080 രൂപ. കഴിഞ്ഞ മൂന്ന് ദിവസമായി ഈ വിലയിലായിരുന്നു വ്യാപാരം.
നവംബര്‍ ഒന്നിന് 35,760 രൂപയായിരുന്നു പവന് വില. ഒക്ടോബര്‍ 26നാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.
ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് ഒക്ടോബറിലെ കുറഞ്ഞ നിരക്ക്. ഒക്ടോബറില്‍ വില ഉയര്‍ന്നത് സ്വര്‍ണ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. പണപ്പെരുപ്പം ഉയരുന്നതിനാല്‍ വില താല്‍ക്കാലികമായി ഇടിഞ്ഞാലും സ്വര്‍ണ വില ഉയരാനുള്ള സാധ്യതകള്‍ നിരീക്ഷകര്‍ തുടക്കം മുതല്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.
സ്വര്‍ണ വില വരുംദിവസങ്ങളില്‍ ഉയരുമെന്നാണ് പ്രവചനം. 10 ഗ്രാം സ്വര്‍ണത്തിന്റെ വില 52,000 രൂപ കടക്കുമെന്ന് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഓസ്‌വാളിയാണ് പ്രവചനം നടത്തിയത്. ആഗോളവിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2000 ഡോളറാകും. ഇന്ത്യന്‍ വിപണിയില്‍ 52,000 മുതല്‍ 53,000 രൂപ വരെയായിരിക്കും വില.
യു.എസ് സമ്പദ്‌വ്യവസ്ഥയിലെ മാറ്റവും ഫെഡറല്‍ റിസര്‍വിന്റെ സമീപനവും സ്വര്‍ണവില ഉയരാന്‍ ഇടയാക്കുമെന്നാണ് സൂചന. പണപ്പെരുപ്പം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നു. ഇത് രാജ്യത്തെ വിലവര്‍ദ്ധനക്ക് ഇടയാക്കുമെന്നാണ് സൂചന.