കൊച്ചി:സംസ്ഥാനത്ത് ഇന്ന് സ്വർണ വില വീണ്ടും പരിഷ്കരിച്ചു. രാവിലെ ഉയർന്ന സ്വർണവില ഉച്ചയ്ക്ക് കുത്തനെ ഇടിയുകയാണ്. ഇന്നലെ ഉണ്ടായ 320 രൂപയുടെ ഇടിവിന്റെ തുടർച്ചയായി ഇന്ന് വീണ്ടും 320 രൂപ കുറഞ്ഞിരിക്കുകയാണ്. ഇതോടെ രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. ഉച്ചയ്ക്ക് ഇടിഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today’s Gold Rate) 36,960 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 40 രൂപയാണ് ഉച്ചയ്ക്ക് ഇടിഞ്ഞത്. രാവിലെ 10 രൂപ ഉയർന്നിരുന്നു. എന്നാൽ ഇന്നലെ 40 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4,620 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇടിഞ്ഞു. 35 രൂപയാണ് കുറഞ്ഞത്. രാവിലെ 10 രൂപ ഉയർന്നിരുന്നു. 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3,815 രൂപയാണ്.
യുഎസ് പലിശ നിരക്കുകൾ വർധിക്കുമെന്ന ആശങ്കയാണ് ഇന്നലെ സ്വർണ്ണവിലയെ താഴ്ചയിലെത്തിച്ചത്. 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ഇന്ത്യയിൽ നിന്ന് യു.എ.ഇ ലേക്കുള്ള സ്വർണ്ണത്തിന്റെ കയറ്റുമതി ഇന്ത്യൻ രൂപയിൽ 15 ശതമാനം വർധിച്ചു.
ഡോളറിന്റെ സൂചിക നിലവാരം കഴിഞ്ഞ ദിവസം 108.18 ലേക്ക് ഉയർന്നു. രണ്ട് ദശാബ്ദത്തിനിടെയിലെ ഉയർന്ന നിരക്കാണിത്. ഇതും സ്വർണ്ണവിലയെ പ്രതികൂലമായി ബാധിച്ചിരുന്നു. ചൈന 22,000 കോടി ഡോളറിന്റെ ഉത്തേജന പാക്കേജ് നടപ്പാക്കുമെന്ന പ്രഖ്യാപനം, കഴിഞ്ഞയാഴ്ച വ്യാവസായിക ലോഹങ്ങളുടെ വില വർധിക്കാൻ കാരണമായി.
രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന സ്വർണ്ണത്തിന്റെ തീരുവ കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നു. 7.5 ശതമാനത്തിൽ നിന്നും 12.5 ശതമാനമായാണ് തീരുവ വർധിപ്പിച്ചത്. കൂടാതെ 2.5 ശതമാനം അഗ്രി സെസ്, 0.75 ശതമാനം സാമൂഹ്യക്ഷേമ സർചാർജ് തുടങ്ങിയവയും ഏർപ്പെടുത്തിയിരുന്നു. ഇതോടെ സ്വർണ്ണത്തിന്റെ മൊത്തം ഡ്യൂട്ടി 15.75 ശതമാനമാകും.
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ കുത്തനെയുണ്ടായ ഇടിവും സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നു. റിസർവ്വ് ബാങ്കിന്റെ നിരന്തരമായ ഇടപെടലുകളാണ് കൂടുതൽ തകർച്ചയിൽ നിന്നും രൂപയെ രക്ഷിച്ചു നിർത്തിയിരുന്നത്. ആയിരക്കണക്കിനു കോടി യുഎസ് ഡോളറുകൾ വിപണിയിൽ വിറ്റഴിച്ചാണ് റിസർവ്വ് ബാങ്ക് രൂപയെ പിടിച്ചു നിർത്തുന്നത്. പൊതുവെ ഇത്തരത്തിൽ ചെലവഴിക്കുന്ന തുകയുടെ മൂല്യം ആർബിഐ ഔദ്യോഗികമായി സ്ഥിരീകരിക്കാറില്ല. എന്നാൽ ദിവസങ്ങളായി രൂപയുടെ മൂല്യം ഇടിവിൽ തന്നെ തുടരുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
രാജ്യാന്തര വിപണിയിലേയും, ഡൽഹി ബുള്ളിയൻ വിപണിയിലേയും വിലമാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളിൽ പ്രതിഫലിക്കുന്നത്. സ്വർണ്ണവിലയിൽ അസ്ഥിരതകൾ നില നിൽക്കുമ്പോഴും രാജ്യത്തെ എൻബിഎഫ്സി മേഖല കുതിപ്പിന്റെ പാതയിലാണ്.
ആഗോള വിപണിയിൽ സ്വർണ്ണവില ഇടിഞ്ഞു. സ്വർണം ഔൺസിന് 1707.27 ഡോളറിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില സ്ഥിരമായി ഉയർന്ന നിലവാരത്തിൽ നിൽക്കുന്നതും, ഉയരുന്ന ഉപഭോക്തൃവില സൂചികകളും, അസ്ഥിരമായ വിപണികളും സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.
വെള്ളി വില
സംസ്ഥാനത്ത് വെള്ളി വിലയിൽ ഇന്നലെ ക്ലോസ് ചെയ്ത വിലയേക്കാൾ വർധന. ഒരു ഗ്രാം വെള്ളിക്ക് 60.70 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 485.60 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 607 രൂപയും, ഒരു കിലോഗ്രാമിന് 60,700 രൂപയുമാണ് വില.