തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് വില 35 രൂപയാണ് കുറഞ്ഞത്. ഒരു പവൻ വിലയിൽ 280 രൂപയുടെ കുറവുണ്ടായി. 22 കാരറ്റ് സ്വർണത്തിന് ഇന്ന് ഒരു ഗ്രാമിന് വില 4675 രൂപയാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 37400 രൂപയാണ്. ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞു ഗ്രാമിന് 4,710 രൂപയിലും പവന് 37,680 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ ഗ്രാമിന് 75 രൂപയും പവന് 600 രൂപയും രണ്ട് ദിവസംകൊണ്ട് ഇടിഞ്ഞു.
18 കാരറ്റ് സ്വർണ്ണത്തിന്റെ വിലയിലും കുറവുണ്ടായി. ഒരു ഗ്രാമിന് 30 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നത്തെ സ്വർണ്ണവില 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 3860 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റം ഉണ്ടായിട്ടില്ല. 925 ഹോൾമാർക്ക് വെള്ളിക്ക് ഇന്നും വില ഗ്രാമിന് 100 രൂപയാണ്. സാധാരണ വെള്ളി ഗ്രാമിന് രണ്ടു രൂപ കുറഞ്ഞ് 66 രൂപയായി.
മെയ് 9 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,750 രൂപയും പവന് 38,000 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.രാജ്യാന്തര വിപണിയിൽ ബോണ്ട് യീൽഡ് വീണിട്ടും അമേരിക്കൻ ഡോളറിന്റെ മുന്നേറ്റം സ്വർണത്തിന് മുന്നേറ്റം നിഷേധിച്ചു. ബോണ്ട് യീൽഡ് ഇറങ്ങിയിട്ടും നിക്ഷേപകർ സ്വർണത്തിൽ താല്പര്യം കാട്ടാതിരുന്നത് ബോണ്ട് യീൽഡ് തിരികെ കയറുമെന്ന ഉറപ്പിൽ തന്നെയാണ്.
സംസ്ഥാനത്തെ സ്വർണ വ്യാപാര മേഖലയിൽ വീണ്ടുമുണ്ടായ തർക്കത്തിൽ നയം വ്യക്തമാക്കി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സ്വർണവില കൂട്ടാനുള്ള വൻകിട ജ്വല്ലറികളുടെ സമ്മർദത്തിന് വഴങ്ങില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി. സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കുന്നത് എകെജിഎസ്എംഎ ആണ്.
വില നിശ്ചയിക്കുമ്പോൾ ലാഭ ശതമാനം കൂട്ടിയിടണമെന്നായിരുന്നു ചില വൻകിട സ്വർണ വ്യാപാരികളുടെ ആവശ്യം.എന്നാൽ സംഘടന ഇതിനു തയ്യാറാകാത്തതിനാൽ സ്വയം ലാഭ ശതമാനം ഒഴിവാക്കി വില നിശ്ചയിച്ച് വിപണനം നടത്തുകയാണ് ചില ജ്വല്ലറികൾ ചെയ്തത്. ലാഭ ശതമാനം കൂട്ടി സ്വർണവില വർധിപ്പിക്കാനുള്ള ആവശ്യത്തോട് അസോസിയേഷൻ വിയോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് വൻകിട ജ്വല്ലറികൾ ലാഭ ശതമാനം ഒഴിവാക്കി വില നിശ്ചയിച്ചത്.